Spread the love

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണ കേസിൽ‌ യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനാണ് പിടിയിലായത്. വിദേശത്തുനിന്നു ഡൽഹി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സുഹൈൽ പിടിയിലായത്. എകെജി സെന്‍ററിലേക്ക് പടക്കം എറിയാൻ നിർദേശിച്ചത് സുഹൈലെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ‌.

2022 ജൂണ്‍ 30ന് രാത്രി 11:25നാണ് എകെജി സെന്‍ററിന്‍റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്‍റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. കേസിൽ ഒരുമാസത്തോളം പോലീസിന് ഒരു തുമ്പും കിട്ടിയിരുന്നില്ല. യൂത്ത് കോൺഗ്രസ് നേതാവും ഒന്നാം പ്രതിയുമായ ജിതിനൊണ് പോലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് നേതാക്കളായ നവ്യയെയും സുഹൈൽ ഷാജഹാനെയും ക്രൈംബ്രാഞ്ച് പ്രതി ചേർക്കുന്നത്.

നവ്യ നേരത്തെ പിടിയിലായിരുന്നു. ആറ്റിപ്രയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകയാണ് ടി നവ്യ. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു നവ്യയെയും സുഹൈറിനെയും പ്രതി ചേർത്തത്. സിപിഎം ഓഫീസ് ആക്രമണ കേസിലെ നാലാം പ്രതിയാണ് നവ്യ.

കേസിൽ രണ്ടുവർഷത്തിനുശേഷമാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. കെപിസിസി ഓഫിസിനെതിരെ ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയതിന്‍റെ വൈരാഗ്യത്തിലായിരുന്നു ആക്രമണം എന്നായിരുന്നു കണ്ടെത്തൽ. ഒന്നാംപ്രതി ജിതിന് സ്കൂട്ടറെത്തിച്ച് നൽകിയ നവ്യയും പിടിയിലായെങ്കിലും സം‌ഭവത്തിന്‍റെ സൂത്രധാരരായ യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാനെയും ആക്രമണത്തിനെത്തിയ വാഹനത്തിന്‍റെ ഉടമ സുധീഷിനെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിദേശത്ത് നിന്ന് മടങ്ങിയത്തവെയാണ് സുഹൈൽ പിടിയിലായത്. ഇയാള്‍ക്കെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Leave a Reply