തിരുവനന്തപുരം എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മണ്‍വിള സ്വദേശി ജിതിനാണ് കസ്റ്റഡിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. ജിതിന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ദിവസങ്ങളായി ക്രൈംബ്രാഞ്ച് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ജിതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചത്.
ജിതിനാണ് എകെജി സെന്ററിന് നേര്‍ക്ക് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മറ്റ് നേതാക്കളുമായി ഇതുസംബന്ധിച്ച് ഗൂഢാലോചന നടത്തിയോ എന്നുള്‍പ്പെടെ ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. കവിടിയാര്‍ ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചാണ് ഇയാളെ ചോദ്യം ചെയ്യുന്നത്. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തില്‍ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റിലായത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാവുകയാണ്.
തിരുവനന്തപുരം: ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്ത് ആക്രമണം നടത്തിയത് വൻ വിവാദമായരുന്നു. കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ മിനുട്ടുകൾക്കുള്ളിൽ നേതാക്കളെല്ലാം തന്നെ എകെജി സെന്ററിൽ എത്തിയിരുന്നു. ഓഫീസിനകത്ത് ഉണ്ടായിരുന്നു പികെ ശ്രീമതി ടാച്ചറുടെ വിശദീകരണം കൂടി വന്നതോടെ സംഭവം ചർച്ചയായി. എന്നാൽ ദിവസങ്ങളായിട്ടും ആക്രമം നടത്തിയ ആളെ പിടിക്കാൻ കഴിയാത്തതിനാൽ സിപിഎമ്മിന് തന്നെ പഴി കേൾക്കേണ്ടി വന്നു. സംസ്ഥാന സർക്കാറിനെതിരെയുള്ള ആക്ഷേപങ്ങൾ മറയ്ക്കാൻ സിപിഎം തന്നെ കരുതിക്കൂട്ടി ആക്രമണം നടത്തുകയായിരുന്നു എന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം. മാധ്യമങ്ങളും അത് ഏറ്റുപിടിക്കുകയായിരുന്നു.
സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പോലീസ് അതിവേഗം നടപടി തുടങ്ങിയെങ്കിലും പ്രതിയുടെ പൊടി പോലും കണ്ടെത്താൻ സാധിക്കാഞ്ഞത് സംഭവത്തിലെ പ്രതിപക്ഷ ആരോപണങ്ങൾ ശക്തിപ്പെടുത്തി. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി. നൂറിലേറെ സിസിടിവി ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്. പ്രതി സഞ്ചരിച്ച സ്കൂട്ടറിനായി സംസ്ഥാനത്തെ മഞ്ഞ കളർ ഡിയോ മോഡൽ സ്കൂട്ടറുള്ള എല്ലാവരെയും ചോദ്യം ചെയ്തു. പടക്ക കച്ചവടക്കാരെ വരെ പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
എകെജി സെന്ററിന് കല്ലെറിയുന്നതിന് തൊട്ട് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. സംഭവം വിവാദമായതോടെ അയാളെ വിട്ടയച്ച് പോലീസ് തലയൂരി. എകെജി സെന്ററിന് മുന്നിലൂടെ 14 പ്രാവശ്യം പോയ തട്ടുകടക്കാരനെ വരെ പോലീസ് സംശയിച്ചു. ഒടുവിൽ യഥാർത്ഥ പ്രതിയെന്ന് സംശയിക്കുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്തു വരികയാണ്.
എകെജി സെന്ററിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഒരു സ്വകാര്യ ലാബിൽ അയച്ച് പരിശോധിച്ചതിൽ നിന്നും ഇയാൾ ധരിച്ച ടീഷര്‍ട്ടിനെ കുറിച്ച് വിവരം ലഭിച്ചു. ഈ ടീ ഷർട്ടാണ് പോലീസിന് പിന്നീട് പിടിവളളിയായത്. തലസ്ഥാനത്ത് ഈ ബ്രാൻഡിൽ 12 എണ്ണം വിറ്റുപോയെന്ന് വ്യക്തമായി. അന്വേഷണത്തിൽ ഈ ടീ ഷർട്ട് വാങ്ങിയത് ജിതിൻ ആണെന്ന് മനസിലാകുകയായിരുന്നു. സ്ഫോടക വസ്തു എറിഞ്ഞ ശേഷം ഡിയോ സ്കൂട്ടറിൽ ഗൗരീശ പട്ടത്തെത്തിയ ജിതിൻ കാറിൽ കയറിയാണ് രക്ഷപ്പെട്ടതെന്നാണ് ക്രൈെബ്രാഞ്ച് നൽകുന്ന വിവരം. ഡിയോ സ്കൂട്ടര്‍ ഗൗരീശ പട്ടം വരെ ജിതിൻ ഓടിച്ചുപോയ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.