കോവിഡ് വ്യാപനം ഏറ്റവും കൂടുതൽ ബാധിച്ച വ്യവസായ മേഖലയാണ് സിനിമാ തിയറ്ററുകൾ. തിയറ്ററുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് നിർമ്മാതാക്കൾ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുവാൻ ആരംഭിച്ചത്. ഇത് തിയറ്റർ ഉടമകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ സിംഗിൾ സ്ക്രീൻ തിയറ്ററുകളിൽ അനധികൃതമായി സിനിമ പ്രദർശിപ്പിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അക്ഷയ് കുമാറിന്റെ ലക്ഷ്മിയെന്ന സിനിമ സിംഗിൾ സ്‌ക്രീൻ തിയറ്റുറുകളിൽ പ്രദർശിപ്പിച്ചതായി ഫിലിം ട്രേഡ് അനലിസ്റ്റായ കോമൽ കെഹ്ത ഫിലിം ഇൻഫർമേഷൻ എന്ന ഓൺലൈൻ മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഡിജിറ്റൽ പ്ലാറ്റ്‌ഫോമില്‍ നിന്നും സിനിമ ഡൗൺലോഡ് ചെയ്ത് പെൻഡ്രൈവിലാക്കിയാണ് തിയറ്ററിൽ പ്രദർശിപ്പിക്കുന്നത്. സാധാരണ ടിക്കറ്റ് നിരക്കും ആളുകളിൽ നിന്നും ഈടാക്കുന്നുണ്ട്. നഗരത്തിന് പുറത്തുള്ള സിംഗിൾ സ്ക്രീൻ തിയറ്ററുകളിലാണ് ഈ പ്രവണത നടക്കുന്നത്. നിയമവിരുദ്ധമായ പ്രദർശനമാണെന്ന് അറിയാതെയാണ് പലരും തിയറ്ററുകളിൽ ടിക്കറ്റ് എടുത്ത് സിനിമ കാണുവാൻ എത്തുന്നത്. ഡിജിറ്റൽ പ്രൊജക്ഷൻ സിസ്റ്റമായതിനാൽ പെൻഡ്രൈവ് കണക്ട് ചെയ്ത് സിനിമ പ്രദർശിപ്പിക്കുവാനും സാധിക്കും.
ലക്ഷ്മിയുടെ നിർമ്മാതാക്കളായായ ഫോക് സ്റ്റാർ സ്റ്റുഡിയോസും കേപ്പ് ഓഫ് ഗുഡ് ഫിലിംസും വിതരണക്കാർക്ക് ഇതുവരെയും തിയറ്ററിക്കൽ റൈറ്റ്‌സ് നൽകിയിട്ടില്ല. ഡിസ്‌നി ഹോറസ്റ്റാറിനായി സിനിമ പ്രദർശിപ്പിക്കുവാനുള്ള അവകാശം ഉള്ളത്. അനധികൃതമായി സിനിമ പ്രദർശിപ്പിച്ച് കിട്ടുന്ന ലാഭത്തിന്റെ വിഹിതം നിർമ്മാതാക്കൾക്ക് ലഭിക്കുന്നുമില്ല. ഇത് ഡിസ്നി ഹോട്ട്സ്റ്റാറിന്റെ കച്ചവടത്തെയും ബാധിക്കുന്നുണ്ടെന്ന് കോമൽ കെഹ്ത പറഞ്ഞു.