അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ പേരുകളും കളർകോഡും ലോഗോയും ഉപയോഗിച്ച് ജില്ലയിൽ വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായി പരാതി. മിക്ക ഓൺലൈൻ കേന്ദ്രങ്ങളും ഡി.ടി.പി. ജോലികൾ, ഫോട്ടോസ്റ്റാറ്റ് എന്നീ സേവനങ്ങൾക്കാണ് ലൈസൻസ് വാങ്ങുന്നത്. ഇതിന്റെ മറവിൽ വിവിധ സർക്കാർ സേവനങ്ങൾ സ്വകാര്യ ഐ.ഡി. ഉപയോഗിച്ച് പൊതുജനങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നതായാണ് പരാതിയെത്തിയത്. വ്യാജകേന്ദ്രങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് കളക്ടർ നിർദേശം നൽകി. വ്യാജ ഓൺലൈൻ കേന്ദ്രങ്ങൾ നൽകുന്ന വ്യക്തിഗതവിവരങ്ങളും രേഖകളും ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് നടപടിക്കൊരുങ്ങുന്നത്. പുതിയ ഓൺലൈൻ കേന്ദ്രങ്ങൾക്ക് അനുമതി നൽകുമ്പോൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ നൽകിയ ലൈസൻസിൽ പരാമർശിച്ച സേവനങ്ങൾ മാത്രമാണോ നൽകുന്നതെന്ന് പരിശോധിക്കണം. ലൈസൻസ് നൽകുമ്പോൾ അക്ഷയയ്ക്ക് സമാനമായ പേര്, കളർകോഡ് എന്നിവ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കളക്ടർ അറിയിച്ചു.