Spread the love

പൃഥ്വിരാജ് തന്റെ മകള്‍ അലംകൃതയുടെ ചിത്രംവരകളും ചെറു കുറിപ്പുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും പങ്കുവെക്കാറുണ്ട്. രണ്ട് മാസം മുന്‍പ് സ്വന്തം നോട്ട് ബുക്കില്‍ അല്ലി കുറിച്ചിട്ട കൊവിഡ് കണക്കുകളുടെ കുറിപ്പുകള്‍ പൃഥ്വി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കളികളും സൗഹൃദങ്ങളുമൊക്കെ മുറിഞ്ഞ കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള കരുതല്‍ പങ്കുവെച്ചുള്ളതായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. ഇപ്പോഴിതാ മകളുടെ മറ്റൊരു കൊവിഡ് കുറിപ്പ് കൂടി പങ്കുവച്ചിരിക്കുകയാണ് പൃഥ്വി.

‘പ്രിയപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും’ എന്ന സംബോധനയോടെ അല്ലി ആരംഭിക്കുന്ന കത്ത് ഇംഗ്ലീഷിലാണ്. കൊവിഡ് കണക്കുകള്‍ വര്‍ധിക്കുന്നതിന്‍റെ ആശങ്കയും വാക്‍സിന്‍ കണ്ടുപിടിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അല്ലി സ്വന്തം ഭാഷയില്‍ കുറിച്ചിട്ടിട്ടുണ്ട്. “ഒരു സയന്‍റിസ്റ്റിനെ കണ്ടുപിടിക്കുക എന്നതാണ് നിങ്ങള്‍ക്ക് ചെയ്യാനുള്ള ഒരേയൊരു കാര്യം. കൊവിഡ് വീടിനുള്ളില്‍ ഇരിക്കുക. ഒരു സൈന്യത്തെ കണ്ടെത്തി യുദ്ധം ചെയ്യുക. ധൈര്യമായി ഇരിക്കുക. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക”, എന്നൊക്കെയാണ് അലംകൃതയുടെ വാക്കുകള്‍.

കുട്ടികളുടെ മനസില്‍ കൊവിഡ് സൃഷ്ടിച്ചിരിക്കുന്ന സ്വാധീനത്തെക്കുറിച്ച്‌ മകളുടെ കുറിപ്പ് പങ്കുവച്ചുകൊണ്ട് പൃഥ്വിയും ഓര്‍മ്മപ്പെടുത്തുന്നു. “സാധാരണ ജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള ശ്രമങ്ങളിലാണ് നമ്മളില്‍ മിക്കവരും എന്നിരിക്കെ ഈ സാഹചര്യം കുട്ടികളില്‍ സൃഷ്ടിച്ചിരിക്കുന്ന സ്വാധീനം ഞാന്‍ മനസിലാക്കുന്നു. അല്ലി മറ്റൊരു കൊവിഡ് കുറിപ്പ് കൂടി തയ്യാറാക്കിയിരിക്കുകയാണ്. കളിപ്പാട്ടങ്ങള്‍ക്കൊപ്പം അല്ലാത്തപ്പോള്‍ അവള്‍ സ്വയം ചെയ്യുന്നതാണ് ഇതൊക്കെ. എത്രയും വേഗം വാക്സിന്‍ കണ്ടുപിടിക്കാന്‍ ആവട്ടെയെന്നും കുട്ടികള്‍ക്ക് അഴരുടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിപ്പോകാന്‍ ആവട്ടെയെന്നും ഞാന്‍ പ്രത്യാശിക്കുന്നു”, പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Leave a Reply