എമ്പുരാന് ശേഷം മലയാളികൾ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന അടുത്ത ചിത്രമാണ് ‘ആലപ്പുഴ ജിംഖാന’. ഹിറ്റ് ഫിലിം മേക്കർ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആകർഷകമായ യുവ താരനിര തന്നെ ഒന്നിക്കുന്നുണ്ട്. ഇതിനോടകം പുറത്തിറങ്ങിയ ട്രെയിലറും പാട്ടുകൾക്കുമെല്ലാം നല്ല പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്. റൊമാന്റിക് സ്റ്റാർ നെസ്‌ലൻ, ഗണപതി, ലുക്മാൻ, സന്ദീപ് പ്രദീപ്, കോട്ടയം നസീർ, ഷൈൻ ടോം ചാക്കോ, അനഘ രവി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ നായക കഥാപാത്രത്തിന് 3 നായികമാരുള്ളതായാണ് സൂചന.
ഇടിക്കും കോമഡിക്കും പുറമേ റൊമാൻസ് കൂടി ഉറപ്പു നൽകുന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന പുതിയ നായികയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. അണിയറ പ്രവർത്തകർ ഇതിനോടകം പുറത്ത് വിട്ട ‘ലവ്വബിൾ വുമൺ’ എന്ന പാട്ടിലെ സ്കൂൾ യൂണിഫോമിട്ട സുന്ദരി പെൺകുട്ടിക്ക് പിന്നാലെയാണ് മലയാളികൾ ഇപ്പോൾ. ഇതിന് പിന്നിൽ ഒരു കാരണവുമുണ്ട്. നടൻ നിഷാന്ത് സാഗറിന്റെ മകൾ കൂടിയാണ് നസ്‌ലന്റെ നായിക കഥാപാത്രമായി എത്തുന്ന നന്ദന. ഈ കൗതുകമാണ് ഇപ്പോൾ താരത്തെ സോഷ്യൽ മീഡിയയിൽ വൈറൽ ആക്കിയിരിക്കുന്നത്.
അച്ഛൻ ഒരു സിനിമ നടൻ ആണെങ്കിലും യാതൊരുവിധ സ്വാധീനവും ഇല്ലാതെ ഓഡിഷനിലൂടെയാണ് താൻ ആലപ്പുഴ ജിംഖാനയിലേക്ക് എത്തിയതെന്ന് നന്ദന പറയുന്നു. സിനിമയുമായി ബന്ധപ്പെട്ട പഠന മേഖലയായിരുന്നു തന്റെതെന്നും താരം പറയുന്നു.