Spread the love

ന്യൂഡല്‍ഹി: ഗായിക കെ.എസ്. ചിത്രയുടെ ‘ഉണ്ണി വാവാവോ…’ എന്ന ഗാനം പാടി ബോളിവുഡ് താരം ആലിയാ ഭട്ട്. ജിദ്ദയിലെ റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലാണ് ആലിയ പാട്ടു പാടിയത്. മകള്‍ റാഹയുടെ ആയ പാടുന്ന ഈ പാട്ട് ഭര്‍ത്താവും നടനുമായ രണ്‍ബീര്‍ കപൂര്‍ പഠിപ്പിച്ചതാണെന്ന് മുന്‍പ് ആലിയ ടിവി ഷോയില്‍ പറഞ്ഞിരുന്നു.

ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന ചോദ്യോത്തരവേളയില്‍ സദസ്സിലുണ്ടായിരുന്നവരുടെ ആവശ്യപ്രകാരം ആലിയ പാട്ടു പാടുകയായിരുന്നു.ആലിയാ ഭട്ടിന് ഗോള്‍ഡന്‍ ഗ്ലോബ്‌സ് ഹൊറൈസണ്‍ പുരസ്‌കാരവും നല്‍കി. ഒമര്‍ ഷെരീഫ് അവാര്‍ഡിന് അര്‍ഹനായ ടുണീഷ്യന്‍ നടന്‍ ഹെന്ദ് സബ്രിയേയും ചടങ്ങില്‍ ആദരിച്ചു. മിഡില്‍ ഈസ്റ്റ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിലെ സര്‍ഗാത്മക മികവിനെ ആദരിക്കുന്നതാണ് ഈ രണ്ട് ബഹുമതികളും.

റാസി, ഗംഗുബായ് കത്തിയവാടി, റോക്കി ഔര്‍ റാണി കി പ്രേം കഹാനി, ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയാണ് ആലിയാ ഭട്ട്. ലോറന്‍സ് ഓഫ് അറേബ്യ, ഡോക്ടര്‍ ഷിവാഗോ തുടങ്ങിയ ക്ലാസിക്കുകള്‍ക്ക് പേരുകേട്ട ഇതിഹാസ ഈജിപ്ഷ്യന്‍ നടനും മൂന്ന് തവണ ഗോള്‍ഡന്‍ ഗ്ലോബ് ജേതാവുമായ ഒമര്‍ ഷെരീഫിന്റെ പേരിലുള്ള അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആലിയ പറഞ്ഞു.  

Leave a Reply