Spread the love
ബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും നാളെ ഇറക്കും: കെഎസ്ആര്‍ടിസി

നാളെ നടക്കുന്ന സ്വകാര്യബസ് സമരം നേരിടാൻ ലഭ്യമായ എല്ലാ ബസുകളും സര്‍വീസിന് ഇറക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം. സ്വകാര്യബസുകള്‍ മാത്രമുളള റൂട്ടിലടക്കം സര്‍വീസ് നടത്തുമെന്ന് കെ.എസ്.ആര്‍.ടി.സി അറിയിച്ചു. വിദ്യാർഥികളുടെ ഉൾപ്പെടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്നും ഡീസൽ സബ്സിഡി നൽകണമെന്നും ആവശ്യപ്പെട്ടാണ് സ്വകാര്യബസുകൾ ചൊവ്വാഴ്ച മുതൽ സമരം പ്രഖ്യാപിച്ചത്.

വരുമാനം കുറഞ്ഞ ട്രിപ്പുകൾ സ്വകാര്യ ബസുകൾ ഒപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ മാറ്റി ക്രമീകരിക്കണം. സ്വകാര്യ ബസുകൾ മാത്രം ഓപ്പറേറ്റ് ചെയ്യുന്ന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സ്‌പെഷ്യൽ സർവീസ് നടത്തും. യൂണിറ്റുകൾ ലഭ്യമായ എല്ലാ ബസുകളും സർവീസിന് ഉപയോഗിക്കണം. അധിക ട്രിപ്പുകൾ താത്കാലികമായി ക്രമീകരിച്ചു ഓപ്പറേറ്റ് ചെയ്യണമെന്നും നിർദ്ദേശം.

കോവിഡ് കാലത്ത് യാത്രക്കാരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് കണക്കിലെടുത്ത് കിലോമീറ്ററിന് 20 പൈസ കൂട്ടിയെങ്കിലും അത് പര്യാപ്തമല്ലെന്നാണ് ബസുടമകൾ പറയുന്നത്. മിനിമം ചാർജ് 12 രൂപയെങ്കിലും ആക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. വിദ്യാർഥികളുടെ മിനിമം യാത്രാ നിരക്ക് 6 രൂപയാക്കുക, നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്.

Leave a Reply