Spread the love

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും അവധിയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്തമഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിലാണ് കുട്ടനാട് താലൂക്കിലെ വിദ്യാലയങ്ങള്‍ക്ക് വീണ്ടും അവധി നല്‍കിയത്. അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ കിഴക്കൻ അറബികടലിൽ ശക്തി കൂടിയ ന്യുന മർദ്ദം നിലനിൽക്കുന്നുണ്ട്. തെക്കൻ കർണാടകത്തിനു മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴിയും നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച മുതൽ അഞ്ചുദിവസമാണ് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണിത്.

23-നും 24-നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലയോര ജില്ലകളിൽ ഓറഞ്ച് അലേർട്ടിനു തുല്യമായ ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിർദേശം നൽകി.

ഇന്നലേയും സംസ്ഥാനത്ത് പലയിടങ്ങളിലും മഴ പെയ്തിരുന്നു. പമ്പ-ത്രിവേണിയിൽ ജലനിരപ്പ് ഉയർന്നതോടെ ശബരിമല തീർത്ഥാടനവും നിർത്തിവച്ചിരുന്നു. അതേസമയം, മഴ മാറിയതോടെ ശബരിമലയിൽ തീർത്ഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയിട്ടുണ്ട്.

Leave a Reply