ന്യൂഡൽഹി: ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ ഉറപ്പിച്ച് 50 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഫൈനലിൽ കടന്ന വിനേഷ് ഫോഗട്ട്, ഇന്നു രാവിലെ ഭാരപരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട സംഭവത്തിൽ ഇടപെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരിസ് ഒളിംപിക്സിൽ മത്സരിക്കുന്ന ഇന്ത്യൻ സംഘത്തിനൊപ്പം പാരിസിലുള്ള ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. വിനേഷിനെ അയോഗ്യയാക്കിയതിനെതിരെ ഇന്ത്യയ്ക്ക് കൈക്കൊള്ളാവുന്ന നടപടികൾ എന്തൊക്കെയാണെന്ന് അദ്ദേഹം ആരാഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയാണ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ നടപടി പിൻവലിക്കുന്നതിനായി സമ്മർദ്ദം ചെലുത്താൻ എന്തെങ്കിലും വഴിയുണ്ടെങ്കിൽ അതെല്ലാം പരിശോധിക്കാൻ പ്രധാനമന്ത്രി ഉഷയ്ക്ക് നിർദ്ദേശം നൽകി. വിനേഷിനെ അയോഗ്യയാക്കിയ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനും രേഖാമൂലം പരാതി നൽകാനും അദ്ദേഹം നിർദ്ദേശിച്ചതായും എഎൻഐ റിപ്പോർട്ട് ചെയ്തു.
വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ വാർത്ത പുറത്തുവന്നതിനു പിന്നാലെ, സമൂഹമാധ്യമങ്ങളിലൂടെ ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ‘‘‘വിനേഷ്, താങ്കൾ ചാംപ്യൻമാരുടെ ചാംപ്യനാണ്. താങ്കൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്. ഇന്നത്തെ ഈ തിരിച്ചടി വേദനിപ്പിക്കുന്നു. ഈ നിമിഷം ഞാൻ അനുഭവിക്കുന്ന നിരാശ വാക്കുകൾകൊണ്ട് പ്രകടിപ്പിക്കാനായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. പ്രതിരോധത്തിന്റെ പ്രതീകമാണ് താങ്കളെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തിത്തന്നെ നേരിടുന്നതാണ് താങ്കളുടെ രീതി. ശക്തമായി തിരിച്ചുവരൂ. ഞങ്ങളെല്ലാം ഒപ്പമുണ്ട്.’’ – പ്രധാനമന്ത്രി കുറിച്ചു.