കൊയിലാണ്ടി : പ്രവൃത്തിപരിചയ മേളയിലെ എച്ച്എസ് വിഭാഗം മരപ്പണി മത്സരത്തിൽ റിജു ഉളിയും ചുറ്റികയും കൊണ്ട് മരത്തിൽ കൊത്തുന്നതു കണ്ടവരെല്ലാം കൗതുകത്തോടെ നോക്കിനിന്നു. കൊൽക്കത്ത സ്വദേശിയാണ് റിജു. മണിയൂർ പഞ്ചായത്ത് ഗവ. എച്ച്എസ്എസിലെ എട്ടാം ക്ലാസുകാരനാണ് റിജു . കഷ്ടിച്ച് മലയാളം സംസാരിക്കുന്ന റിജു മൂന്നു മാസം മുൻപാണ് സ്കൂളിൽ ചേർന്നത്. ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയപ്പോൾ അധ്യാപകരും റിജുവിന്റെ മാതാപിതാക്കളും സന്തോഷത്തിലായി. ആദ്യമായാണ് റിജു ജില്ലാ മത്സരത്തിൽ പങ്കെടുക്കാനെത്തിയത്.
കൊൽക്കത്ത താരകേശ്വർ സ്വദേശികളാണ് റിജുവിന്റെ കുടുംബം. പത്തു വർഷം മുൻപാണ് റിജുവിന്റെ അച്ഛൻ തപൻ റുയിദാസ് മണിയൂരിലെത്തിയത്. അവിടെ മരപ്പണിയെടുത്താണ് ജീവിക്കുന്നത്. മൂന്നുവർഷം മുൻപ് റിജുവും അമ്മ ഷിയൂലി റുയിദാസും മണിയൂരിലെത്തി. തറോൽത്താഴം കുറുന്തോടിയിലാണ് കുടുംബം താമസിക്കുന്നത്. കുറുന്തോടി യുപി സ്കൂളിൽനിന്ന് ഏഴാംക്ലാസ് പാസായ റിജു ഈ വർഷം മണിയൂർ ഹൈസ്കൂളിൽ ചേരുകയായിരുന്നു.