മാധ്യമപ്രവർത്തകരും നടൻ ജീവയും തമ്മിൽ വാക്കേറ്റം. നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിനെ കുറിച്ചുള്ള ചോദ്യങ്ങളിലാണ് ജീവ ക്ഷുഭിതനായത്. തമിഴ് സിനിമയിൽ പ്രശ്‌നമൊന്നുല്ലെന്നാണ് ജീവ പറയുന്നത്. പ്രശ്‌നങ്ങൾ മലയാള സിനിമയിൽ മാത്രമാണ്. ചോദ്യം ആവർത്തിച്ചതോടെ ജീവ ക്ഷുഭിതനാവുകയായിരുന്നു.
അതേസമയം, മലയാള സിനിമാ ചിത്രീകരണ സ്ഥലങ്ങളിലെ കാരവനുകളിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നും സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്നു മൊബൈലിൽ ഈ ദൃശ്യങ്ങൾ കാണുന്നത് താൻ നേരിട്ടു കണ്ടിട്ടുണ്ടെന്നുമാണ് രാധിക വെളിപ്പെടുത്തിയത്.
എന്നാൽ ഈ വിഷയത്തിൽ കേസ് നൽകാനില്ല എന്നാണ് രാധികയുടെ നിലപാട്. വെളിപ്പെടുത്തൽ പുറത്തുവന്നതിന് പിന്നാലെ പ്രത്യേക അന്വേഷണസംഘം രാധിക ശരത്കുമാറിനോട് സംസാരിച്ചെങ്കിലും അവർ മൊഴികൊടുക്കാനോ കേസുമായി മുന്നോട്ടു പോകാനോ തയാറല്ല എന്ന് അറിയിക്കുകയായിരുന്നു.
ഭയം കാരണം പിന്നീടു ലൊക്കേഷനിലെ കാരവൻ ഉപയോഗിച്ചിട്ടില്ല. തനിക്കറിയാവുന്നവരോട് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയെന്നും രാധിക പറഞ്ഞു. എന്നാൽ ഏത് സിനിമയുടെ ലൊക്കേഷനാണെന്ന് പറയാൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് രാധിക പറയുന്നത്.