Spread the love
ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം

ദോഹ: ലോകകപ്പ് കാണാൻ ഖത്തറിൽ എത്തുന്ന എല്ലാവർക്കും യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധന നിർബന്ധം.

ഹമദ് ജനറൽ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ.യൂസഫ് അൽ മസലമനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പ് ടിക്കറ്റെടുത്ത ഹയാ കാർഡ് ഉടമകൾക്ക് ഖത്തറിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായാൽ സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭിക്കും.

ഖത്തറിന്റെ യാത്രാ നയം അനുസരിച്ച് രാജ്യത്തേക്ക് എത്തുന്ന എല്ലാത്തരം സന്ദർശകർക്കും യാത്രയ്ക്ക് 48 മണിക്കൂറിനുള്ളിൽ അതത് രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളിൽ നടത്തിയ കോവിഡ് പിസിആർ അല്ലെങ്കിൽ 24 മണിക്കൂർ കാലാവധിയുള്ള (ദോഹയിൽ എത്തിച്ചേരുമ്പോൾ 24 മണിക്കൂർ കവിയരുത്) റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

നിലവിലെ പുതുക്കിയ നയം അനുസരിച്ച് കോവിഡ് വാക്‌സീൻ എടുക്കാത്തവർക്കും ഖത്തറിലെത്താം. അതേസമയം സന്ദർശകർക്ക് യാത്രയ്ക്ക് മുൻപുള്ള കോവിഡ് പരിശോധനാ നയത്തിൽ മാറ്റമില്ല. ഖത്തർ പൗരന്മാർക്കും ഖത്തർ ഐഡിയുള്ള പ്രവാസി താമസക്കാർക്കും വിദേശയാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ മാത്രം കോവിഡ് പരിശോധന നടത്തിയാൽ മതി. 24 മണിക്കൂറിനുള്ളിൽ അംഗീകൃത കേന്ദ്രങ്ങളിലെത്തി ആന്റിജൻ പരിശോധന നടത്തണം.

Leave a Reply