Spread the love

കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 402 ആയി. മണ്ണിനടിയിൽ നിന്നും ചാലിയാറിൽ നിന്നുമടക്കം കണ്ടെടുത്തവയിൽ 180 എണ്ണം ശരീരഭാഗങ്ങളാണ്. അതേ സമയം ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 222 ആണ്. 180 പേരെ ഇനിയും കണ്ടെത്താനുണ്ട്. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ 8 എണ്ണം ഇന്നലെ സംസ്കരിച്ചു. ശേഷിച്ച മൃതദേഹങ്ങളുടെ സംസ്കാരം ഇന്ന് നടക്കും.

ഇന്നത്തെ തെരച്ചലിൽ ചൂരൽമല വില്ലേജ് റോഡിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടെടുത്തു. ഇന്നലെ ചാലിയാർ പുഴയിൽ തെരച്ചിലിനിടെ കണ്ടെത്തിയ മൃതദേഹം ഹെലികോപ്ടറിൽ മേപ്പാടിയിലെത്തിച്ചു. ബെയിലി പാലത്തിന് അപ്പുറത്തെ തെരിച്ചലിനായുള്ള സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം ഇന്ന് നിജപ്പെടുത്തിയിരുന്നു. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.

ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. ചാലിയാര്‍ പുഴയോട് ചേര്‍ന്ന് 9 വാര്‍ഡുകളിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഇന്നത്തെ തെരച്ചിൽ. ഉരുള്‍ പൊട്ടലിൽ പരിക്കേറ്റ 91 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വീട് നഷ്ടപ്പെട്ട 2514 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്

Leave a Reply