കാന്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് പ്രീ പുരസ്ക്കാരം നേടിയ ഇന്ത്യൻ ചിത്രമായ ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കുന്നു. തെലുങ്ക് നടൻ റാണ ദഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ ആണ് ഈ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. കേരളത്തിൽ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്യുന്ന ചിത്രം, തുടർന്ന് ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്രദർശിപ്പിക്കും. ‘പ്രഭയായ് നിനച്ചതെല്ലാം’ എന്നാണ് ചിത്രത്തിന് മലയാളത്തിൽ നൽകിയിരിക്കുന്ന പേര്.
കഴിഞ്ഞ 30 വർഷത്തിനുള്ളിൽ, കാൻ ഫിലിം ഫെസ്റ്റിവലിന്റെ പ്രധാന മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരുന്നു ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ഈ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതാ ചലച്ചിത്ര സംവിധായിക കൂടിയാണ് പായൽ കപാഡിയ. ആൻഡ്രിയ ആർനോൾഡ്, ഫ്രാൻസിസ് ഫോർഡ് കൊപ്പോള, ജിയാ ഷാങ്-കെ, പൌലോ സോറന്റിനോ, സീൻ ബേക്കർ, അലി അബ്ബാസി തുടങ്ങിയ പ്രമുഖ ചലച്ചിത്ര പ്രവർത്തകർക്കൊപ്പം പാം ഡി ഓർ അവാർഡിനായി മത്സരിച്ച 22 ചിത്രങ്ങളിൽ ഒന്നാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’.
കനി കുസൃതി, ദിവ്യ പ്രഭ, ഛായ കദം, ഹൃദു ഹാറൂൺ തുടങ്ങിയവരാണ് സിനിമയിലെ പ്രധാന വേഷങ്ങളിലെത്തിയത്. മുംബൈയില്‍ നഴ്സുമാരായി ജോലി ചെയ്യുന്ന പ്രഭ, അനു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് പ്രഭ ജീവിക്കുന്നത്. അനു ഒരു യുവാവുമായി കടുത്ത പ്രണയത്തിലാണ്. ഇവരുടെ ജീവിതത്തിലൂടെയുള്ള ഒരു യാത്രയാണ് ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’. മുംബൈയിലും രത്‌നഗിരിയിലും 40 ദിവസം ചിത്രീകരിച്ച സിനിമയുടെ തിരക്കഥാകൃത്തും പായല്‍ കപാഡിയയാണ്.