നിയമനത്തട്ടിപ്പ് വിവാദത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രിയുടെ ഓഫീസിന് നേരെ തൊടുത്തുവിട്ട ആക്ഷേപം പൊളിഞ്ഞു. സർക്കാരിന് ജനങ്ങൾക്ക് മുന്നിൽ ഒന്നും മറച്ചുവയ്ക്കാനില്ല.
കേരളത്തെ എങ്ങനെയും ആക്ഷേപിക്കാൻ ശ്രമം നടക്കുന്നുവെന്നും കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ഉയർന്ന നിയമന കോഴ ആരോപണത്തിൽ പുതിയ വെളിപ്പെടുത്തലുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
അതേസമയം, നിയമന കോഴ ആരോപണത്തിന് പിന്നിൽ സർക്കാരിനെതിരെ കള്ളക്കഥ മെനയുന്നവരെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. പലതും പറയാനുണ്ട്, അന്വേഷണം നടക്കട്ടെ. സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങളിൽ ഒന്നാണ് ഇത്. തന്റെ നേരെ വരെ അന്വേഷണം നീളുമെന്ന് പറഞ്ഞവരുണ്ട് അവർ ഇപ്പോൾ എന്ത് പറയുന്നുവെന്നും വീണാ ജോർജ് ചോദിച്ചു.
തന്റെ ബന്ധു കോഴ വാങ്ങിയെന്നുള്ള ആക്ഷേപം പോലും ഇതിനിടെ ഉയർത്തികൊണ്ടുവന്നു. സർക്കാരിന്റെ പ്രവർത്തനം അഴിമതിക്കെതിരെയാണ്. സർക്കാരിന്റെ പ്രവർത്തനങ്ങളെ താറടിച്ച് കാണിക്കുന്നതിന് വേണ്ടിയാണ് ഇത്തരം ആക്ഷേപങ്ങൾ ഉയർത്തുന്നത്. വലിയ ആത്മവിശ്വാസം തനിക്ക് ആദ്യം മുതലേയുണ്ട്. താൻ തെറ്റ് ചെയ്യാത്തത് കൊണ്ടാണ് അതെന്നും മന്ത്രി വ്യക്തമാക്കി.