തിരുവനന്തപുരത്തെ കൗമാരപുരിയാക്കി സംസ്ഥാന സ്കൂൾ കലോത്സവം കൊടിയേറിക്കഴിഞ്ഞു. എന്നാൽ ഒരു നടി പ്രതിഫലം ചോദിച്ചതുമായി ബന്ധപ്പെട്ട് ചില വിവാദങ്ങൾ തുടക്കത്തിൽ കല്ലുകടി സൃഷ്‌ടിച്ചിരുന്നു. 10 മിനിട്ടുള്ള സ്വാഗതനൃത്തം ചിട്ടപ്പെടുത്തുന്നതിന് അഞ്ച് ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്ന് വകുപ്പ് മന്ത്രി തന്നെ ആരോപിച്ചു. കലോത്സവങ്ങളിൽ നിന്ന് വളർന്നുവന്ന ആ നടിക്ക് ഇപ്പോൾ അഹങ്കാരമാണെന്നും മന്ത്രി വിമർശിച്ചിരുന്നുഇതുമായി ബന്ധപ്പെട്ട് ചില അനുഭവങ്ങൾ പറയുകയാണ് സംവിധായകനും നിർമ്മാതാവുമായ ആലപ്പി അഷ്‌റഫ്. നിരവധി കലോത്സവങ്ങളിൽ വിധി കർത്താവായി ഇരുന്നിട്ടുള്ള അനുഭവവും അഷ്‌റഫ് പങ്കുവച്ചു.
ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ..
ഈയിടെ നമ്മുടെ വിദ്യാഭ്യാസ മന്ത്രി ഒരു സിനിമാ നടിയെ വിമർശിക്കുകയുണ്ടായി. സ്കൂൾ കലോത്സവത്തിന്റെ 10 മിനിട്ട് ദൈർഘ്യമുള്ള സ്വാഗത നൃത്തരൂപം ചിട്ടപ്പെടുത്താൻ സമീപിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടുവെന്ന്. സ്കൂൾ കലോത്സവത്തിലൂടെ കടന്നുവന്ന് പ്രശസ്ത നടിയായി മാറിയതാണെന്നും, പണത്തിനോടുള്ള ആർത്തിയാണ് നടിക്കെന്നുമായിരുന്നു വിമർശനം. ഫഹദ് ഫാസിലിനോടാണ് മന്ത്രി നടിയെ ഉപമിച്ചത്. ഓണാഘോഷ പരിപാടിക്ക് ക്ഷണിച്ചപ്പോൾ എവിടെ നിന്ന് എങ്ങനെ വന്നെന്നോ, എവിടെ താമസിച്ചെന്നോ അറിയാതെ കൃത്യമായ സമയത്ത് ഫഹദ് പരിപാടിയിൽ പങ്കെടുക്കാൻ എത്തി, അതാണ് ഡെഡിക്കേഷൻ എന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം
ഈ സംഭവത്തിന് ഞാനൊരു ഫ്ളാഷ്ബാക്ക് പറയാം. 2001ൽ തൊടുപുഴയിലെ സ്കൂൾ കലോത്സവ വേദി. അന്നവിടെ കലാപ്രതിഭയായി തിരഞ്ഞെടുത്തത് മൂന്ന് ഐറ്റങ്ങൾക്ക് ഒന്നാം സമ്മാനം നേടിയ അമ്പിളി ദേവി എന്ന ഫിലിം സ്‌റ്റാറിനെയാണ്. തൊട്ടുപിന്നാലെ എത്തിയത് ധന്യ എന്ന മറ്റൊരു കുട്ടിയും. ധന്യ ചാനലുകളുടെ മുമ്പിൽ വിങ്ങിപ്പൊട്ടി കരഞ്ഞു. ആ ധന്യയാണ് പിൽക്കാലത്ത് നവ്യാ നായരായി മാറിയത്. ഒരുപക്ഷേ സമ്മാനം കിട്ടാതെ പോയപ്പോൾ, അന്നവർ അവിടെ ചെലവാക്കിയ പണമായിരിക്കും ഒരു പകരം വീട്ടൽ പോലെ മന്ത്രിയോട് ചോദിച്ചത്. ”