മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം ഏറെ ശ്രദ്ധ നേടിയ നടി ആണ് രുദ്ര. ഒരു പക്ഷെ ഈ പേരുപറഞ്ഞാൽ ആളെ മനസിലാക്കാൻ അത്ര എളുപ്പമല്ല. എന്നാൽ മണിച്ചിത്രത്താഴിലെ അല്ലിയെ ഓർത്തെടുക്കാൻ മലയാളികൾക്ക് ഒരു പാടുമില്ല. മണിച്ചിത്രത്താഴിൽ മാത്രമല്ല, ആയുഷ് കാലം, പോസ്റ്റ് ബോക്സ് നമ്പർ 27, കൗരവർ, മലയാളമാസം ചിങ്ങം ഒന്നിന്, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, പവിത്രം, ബട്ടർഫ്ലൈസ്, ധ്രുവം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷമിട്ടിട്ടുണ്ട്.
ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം, അഭിനയത്തിലേക്ക് തിരിച്ചെത്തുകയാണ് രുദ്ര. ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ആരംഭിച്ച സുഴൽ: ദി വോർടെക്സ് സീസൺ 2ലൂടെയാണ് രുദ്ര അഭിനയത്തിലേക്ക് തിരിച്ചെത്തുന്നത്.
സുഴലിൽ ലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയായാണ് രുദ്രയെത്തുന്നത്. മാലതി എന്നാണ് രുദ്രയുടെ കഥാപാത്രത്തിന്റെ പേര്. കതിർ, അമിത് ഭാർഗ്ഗവ്, ഐശ്വര്യ രാജേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കണ്ണൂർക്കാരിയാണ് രുദ്ര. ആർ വി അശ്വിനി എന്നാണ് രുദ്രയുടെ യഥാർത്ഥ പേര്. സിനിമയ്ക്കായി പേരു മാറ്റുകയായിരുന്നു നടി. ഭാരതി രാജയുടെ തമിഴ് ചിത്രം പുതുനെല്ല് പുതുനാത്തിലൂടെയായിരുന്നു രുദ്രയുടെ അരങ്ങേറ്റം.അനിൽ സംവിധാനം ചെയ്ത പോസ്റ്റ് ബോക്സ്നമ്പർ 27ൽ മുകേഷിന്റെ നായികയായി രുദ്ര മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
വിവാഹിതയായി സിംഗപ്പൂരിൽ സെറ്റിൽഡായ രുദ്ര അവിടെ ടീച്ചറായി ജോലി ചെയ്യുകയായിരുന്നു. 2019ൽ തമിഴ് സീരിയലുകളിലും രുദ്ര സജീവമായിരുന്നു.