പുഷ്പ 2 എന്ന സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ വമ്പൻ താരമായിരിക്കുകയാണ് അല്ലു അർജുൻ. 1800 കോടിക്ക് മുകളിലാണ് സിനിമ ആഗോളതലത്തിൽ നേടിയത്. പുഷ്പയ്ക്ക് ശേഷം അല്ലുവിന്റെ അടുത്ത ചിത്രത്തിനായി ആരാധകർ വലിയ പ്രതീക്ഷയിൽ കാത്തിരിക്കുകയുമാണ്. ഈ വേളയിൽ നടൻ തന്റെ പേര് മാറ്റാൻ ആലോചിക്കുന്നതായുള്ള റിപ്പോർട്ടുകളാണ് വരുന്നത്.
ജ്യോതിഷ നിര്‍ദേശ പ്രകാരം അല്ലു അർജുൻ തന്റെ പേരിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി സിനിജോഷ് റിപ്പോര്‍ട്ട് ചെയ്യുന്നു. കരിയറിൽ കൂടുതൽ ഉന്നതിയിലേക്ക് എത്തുന്നതിനായി പേരിൽ ‘U’, ‘N’ എന്നീ അക്ഷരങ്ങൾ കൂടുതലായി ചേർക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. ‘ALLUU ARJUNN’ എന്നായിരിക്കും നടന്റെ പുതിയ പേര് എന്നാണ് സൂചന. എന്നാൽ അല്ലുവിന്റെ അടുത്ത വൃത്തങ്ങളിൽ നിന്ന് ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല.
അതേസമയം തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അറ്റ്ലീക്കൊപ്പമായിരിക്കും അല്ലുവിന്റെ അടുത്ത ചിത്രം എന്ന് റിപ്പോർട്ടുകളുണ്ട്. പുനർജന്മ പ്രമേയത്തെ അടിസ്ഥാനമാക്കിയായിരിക്കും അല്ലു അർജുൻ-അറ്റ്ലീ ചിത്രം കഥ പറയുക എന്നാണ് ഒടിടി പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. അല്ലു അർജുൻ രണ്ട് വ്യത്യസ്ത കഥാപാത്രങ്ങളെയാകും അവതരിപ്പിക്കുക. ഇതിൽ ഒന്ന് ആധുനിക കാലഘട്ടത്തിലുള്ളതും മറ്റൊന്ന് പഴയ കാലഘട്ടത്തിലേതുമാണെന്നാണ് സൂചന.