അല്ലു അർജുൻ ചിത്രം ‘പുഷ്പ’ ചിത്രീകരണം പുനരാരംഭിച്ചു
അല്ലു അർജുൻ നായകനാകുന്ന മാസ് എന്‍റർടെയ്നർ ‘പുഷ്പ’യുടെ ചിത്രീകരണം
ഹൈദരാബാദിൽ പുനരാരംഭിച്ചു. തെലങ്കാന സർക്കാർ കൊവിഡ് ലോക്ഡൗണിൽ ഇളവുകൾ
വരുത്തിയതോടെയാണ് ഷൂട്ടിങ് തുടങ്ങിയത്. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന
വേഷത്തിൽ എത്തുന്നു എന്നതാണ് മലയാളികളുടെ ആകാംക്ഷ കൂട്ടുന്നത്.
സുകുമാർ ആണ് പുഷ്പ സംവിധാനം ചെയ്യുന്നത്. ഇരുവരുടെയും കൂട്ടുകെട്ടിൽ ഒരുങ്ങിയ
ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾ സൂപ്പർ ഹിറ്റ് ആയിരുന്നു. ചിത്രത്തിന് രണ്ട് ഭാഗങ്ങളായിരിക്കും
ഉണ്ടാവുക. ആദ്യ ഭാഗമാണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ ചിത്രീകരണം
പൂർത്തിയാക്കാനാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. ഈ വർഷം അവസാനം
ചിത്രം റിലീസ് ചെയ്യാനാണ് ആലോചന.
നേരത്തെ അല്ലുവിന്‍റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോ ട്രെൻഡിങ്
ആയിരുന്നു. ചിറ്റൂർ വനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന രക്തചന്ദനക്കടത്ത് പ്രമേയം ആക്കിയാണ്
ചിത്രത്തിന്‍റെ കഥ. രശ്മിക മന്ദാനയാണ് നായിക. ജഗപതി ബാബു, അനസൂയ ഭരദ്വാജ്, വെന്നില കിഷോർ
എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ദേവിശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം.
മൈത്രി മൂവി മേക്കേഴ്സും മുട്ടാംസെട്ടി മീഡിയയും
ചേർന്ന് നിർമിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം ,കന്നഡ ഭാഷകളിൽ റിലീസ് ചെയ്യും.