കോതമംഗലം∙ ആലുവ–മൂന്നാർ റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി അലൈൻമെന്റിൽ മാറ്റം വരുത്തി വീടുകൾ പൊളിക്കാൻ ശ്രമിക്കുകയാണെന്നു പരാതി. തങ്കളം – കോഴിപ്പിള്ളി ബൈപാസിൽ ബ്ലൂമൂൺ ഹോട്ടലിന് എതിർവശത്തു തുടങ്ങി മലയിൻകീഴിൽ അവസാനിക്കുന്ന പുതിയ അലൈൻമെന്റിലെ ഉദ്യോഗസ്ഥ വീഴ്ചയ്ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. നേരത്തേ പുറത്തുവിട്ട അലൈൻമെന്റ് പ്രകാരം ഈ ഭാഗത്ത് ഒരു വീട് മാത്രമാണു പൊളിക്കേണ്ടിയിരുന്നത്.
എന്നാൽ, ഇന്നലെ കുറ്റികൾ സ്ഥാപിച്ചപ്പോൾ 6 വീടുകൾ പൂർണമായും പൊളിക്കേണ്ട അവസ്ഥയാണ്. വീടുകൾ പൊളിക്കാതെ പുതിയ റോഡ് നിർമിക്കാമെന്നിരിക്കെ അതിനു ശ്രമിക്കാതെ റോഡ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെയുള്ള എല്ലാ വീടുകളും പൊളിക്കേണ്ട സാഹചര്യമാണുള്ളത്. വീടുകൾ ഒഴിവാക്കിയാണു റോഡ് നിർമാണമെന്നു സർവേ നടത്തിയപ്പോൾ അധികൃതർ അറിയിച്ചിരുന്നു.
പ്രധാന ഉദ്യോഗസ്ഥർ സ്ഥലം പരിശോധിക്കാതെ അതിഥിത്തൊഴിലാളികൾ പണികൾ നടത്തുകയാണെന്നാണു പരാതി. ഇതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണു നാട്ടുകാർ. അശാസ്ത്രീയ റോഡ് വികസനത്തിനെതിരെ ചേർന്ന പ്രതിഷേധ സംഘടനയിൽ നഗരസഭാ കൗൺസിലർ ജോസ് വർഗീസ്, ജോണി പുളിക്കൽ, ചെറിയാൻ തെക്കേക്കര, ജോ വെട്ടിക്കുഴ, ബിജു ഓലിയപ്പുറം, ടി.വി.ബേബി എന്നിവർ പ്രസംഗിച്ചു.