
പനങ്ങാട് ∙ ഇത്തിരിക്കുഞ്ഞൻ വെള്ളാരം കല്ല് മുതൽ കാന്തം ആകർഷിക്കുന്ന ഘടാഗടിയൻ ഇരുമ്പുകല്ല് വരെ, ഒരു നുള്ള് മണലിലെ വിസ്മയ കാഴ്ചകൾ ഇലക്ട്രോണിക് മൈക്രോസ്കോപ്പിലൂടെ നൂറിരട്ടി വലുപ്പത്തിൽ. കുഫോസ് ക്യാംപസിൽ നടക്കുന്ന രാജ്യാന്തര ഫിഷറീസ് കോൺഗ്രസിനോടനുബന്ധിച്ചുള്ള എക്സിബിഷനിലാണ് കല്ലുകൾക്കു മാത്രമായി സ്റ്റാൾ ഒരുക്കിയതു കുഫോസിലെ ഗവേഷണ വിദ്യാർഥികളാണ്. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നു ശേഖരിച്ച നാൽപതിൽപരം കല്ലുകളാണുള്ളത്. കേരള തീരത്തെ കരിമണലും വിലപിടിപ്പുള്ള മറ്റു മണലുകളും എക്സിബിഷനിൽ ഉണ്ട്.
60 രൂപ മുതൽ 60,000 രൂപ വരെയുള്ള അക്വേറിയം സസ്യങ്ങൾ കാണുന്നതിനൊപ്പം വാങ്ങിക്കുകയും ചെയ്യാം. അലങ്കാര മത്സ്യങ്ങളും മറ്റു മത്സ്യങ്ങളും അതുപോലെ വാങ്ങാം. രാജ്യത്തെ ആദ്യ ഓൺലൈൻ മീൻ വിൽപന പ്ലാറ്റ് ഫോം ആയ മലയാളി സംരംഭം ഫ്രഷ് ടു ഹോമിന്റേതടക്കം 50 സ്റ്റാളുകളാണ് ഉള്ളത്. ഫ്രഷ് ടു ഹോം സ്ഥാപകനും സിഒഒയുമായ മാത്യു ജോസഫ് ഇന്നലെ സെമിനാറിൽ പങ്കെടുക്കുന്നവരുമായി ആശയ സംവാദം നടത്തി. 71 ഇനം വിളകളുമായാണ് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം എത്തിയിട്ടുള്ളത്. പഠനത്തിന്റെ ഭാഗമായി കുഫോസ് വിദ്യാർഥികളുടെ മത്സ്യരുചി വൈവിധ്യം നുണഞ്ഞു മടങ്ങാം. രാത്രി 7 വരെയാണ് എക്സിബിഷൻ . നാളെ ഉച്ചയ്ക്ക് ഒന്നിനു സമാപിക്കും.