Spread the love

ഇനി വീട്ടുജോലിയിൽ സഹായിക്കാൻ ആസ്ട്രോ ;പുതിയ റോബോട്ടിനെ അവതരിപ്പിച്ച് ആമസോൺ.


കാവൽക്കാരനായി ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ച് ആമസോൺ. ഒരു ചെറിയ വളർത്തുനായയെ ഓർമിപ്പിക്കുന്ന രൂപമുള്ള ഈ റോബോട്ടിന് ആസ്ട്രോ എന്നാണ് പേര്.ആമസോൺ സർവീസസ് ആന്റ് ഡിവൈസസ് സീനിയർ വൈസ് പ്രസിഡന്റ് ഡേവിഡ് ലിംപ് ആണ് പുതിയ റോബോട്ടിനെ പരിചയപ്പെടുത്തിയത്.
ദൂരെ നിന്ന് വീട്ടിലെ ഓരോ കാര്യങ്ങളും പരിശോധിക്കാൻ ഈ റോബോട്ട് സഹായിക്കും.
ഒരു ഡിജിറ്റൽ സക്രീൻ ആണ് ഈ ആസ്ട്രോയുടെ മുഖം. ഇതിൽ രണ്ട് കണ്ണുകൾ കാണാം. നിർദേശങ്ങൾ നൽകാനും ജോലികൾ ഏൽപിക്കാനുമെല്ലാം ഈ സ്ക്രീൻ ഉപയോഗിക്കാം. റോബോട്ടിന്റെ വലിപ്പം കുറവാണെങ്കിലും അതിനേക്കാൾ ഉയരമുള്ള വസ്തുക്കളെ നിരീക്ഷിക്കാനായി ഒരു പെരിസ്കോപ്പ് ക്യാമറയും ഇതിനുണ്ട്.
അടുക്കളയിലെ ഗ്യാസ് സ്റ്റൗവ് ഓഫ് ചെയ്തിട്ടുണ്ടോ, ടിവി ഓൺ ആണോ, സ്വിച്ച് ഓഫ് ആണോ തുടങ്ങി വീട്ടിലെ ഉയരത്തിലുള്ള വസ്തുക്കൾ കാണാനും മറ്റും പെരിസ്കോപ് ക്യാമറ പ്രയോജനപ്പെടുത്താം. വീട്ടിലെ വളർത്തുമൃഗങ്ങളെ നിരീക്ഷിക്കാനും. താക്കോലോ, പേഴ്സോ മറന്നുപോയാൽ അത് വീട്ടിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കാനുമെല്ലാം ഈ റോബോട്ട് സഹായിക്കും.ഒരു സ്മാർട് ഡിസ്പ്ലേയുടെ പ്രയോജനങ്ങളെല്ലാം ഈ റോബോട്ടിൽ ലഭിക്കും. ഉദാഹരണത്തിന് ഒരു ടിവി സീരിയൽ കാണുകയാണെന്നിരിക്കട്ടെ. വീടിനുള്ളിൽ നമ്മൾ നടക്കുന്നയിടത്തേക്കെല്ലാം ഇത് നമ്മളെ പിന്തുടർന്നുകൊണ്ടിരിക്കും. അതായത് നടന്നുകൊണ്ട് സീരിയൽ ആസ്വദിക്കാനാവും.
999.99 ഡോളറാണ് ഇതിന് വില. ഇത് ഏകദേശം 74,127 രൂപയോളം വരും.
കൂടാതെ, വീട്ടിലെ വായുസഞ്ചാരം, എസി, ചൂട് എന്നിവ ഓട്ടോമാറ്റികായി നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഉപയോഗികുന്ന ഒരു സ്മാർട് തെർമോസ്റ്റാറ്റ്, എക്കോ ഷോ 15 സ്മാർട് ഡിസ്പ്ലേ, ഹാലോ വ്യൂ എന്ന ഹെൽത്ത് ട്രാക്കിങ് ബാൻഡ് എന്നിവയും ആമസോൺ പുതിയതായി അവതരിപ്പിച്ചിട്ടുണ്ട്.

Leave a Reply