മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെ വിവാഹത്തിന് മലയാളത്തിൽ നിന്ന് ക്ഷണിക്കപ്പെട്ടത് പൃഥ്വിരാജും സുപ്രിയയും. ബ്ലഷ് പിങ്ക് നിറത്തിലുള്ള കുർത്തയായിരുന്നു വിവാഹത്തിനെത്തിയ പൃഥ്വിയുടെ വേഷം. അതേ നിറത്തിലുള്ള സാരിയായിരുന്നു സുപ്രിയ തിരഞ്ഞെടുത്തത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മലയാളത്തിൽ നിന്നും പൃഥ്വിരാജ് മാത്രമായിരുന്നു ആഡംബര വിവാഹത്തിനെത്തിയത്.
മൂന്നു മാസം നീണ്ടുനിന്ന പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്കുശേഷമാണ് അനന്ത് അംബാനിയും രാധിക മെർച്ചന്റും ഇന്നലെ വിവാഹിതരായത്. മാർച്ചിൽ ഗുജറാത്തിലെ ജാംനഗറിലാണ് അനന്തിന്റെയും രാധികയുടെയും പ്രീ വെഡ്ഡിങ് ആഘോഷങ്ങൾക്ക് തുടക്കമായത്.
മേയിൽ ഇറ്റലിയിലെ ആഡംബര കപ്പലിലായിരുന്നു രണ്ടാംഘട്ട പ്രീ വെഡ്ഡിങ് ആഘോഷങ്ങൾ. മേയ് 29 ന് ഇറ്റലിയിൽനിന്ന് ആരംഭിച്ച് ജൂൺ ഒന്നിന് ഫ്രാൻസിലെത്തിയ ആഡംബര കപ്പലിലെ ആഘോഷങ്ങളിൽ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു.
ഇന്നലെ വിവാഹം കഴിഞ്ഞെങ്കിലും ജൂലൈ 14 വരെ ആഘോഷങ്ങൾ തുടരും. ഇന്നു നടക്കുന്ന ശുഭ് ആശിർവാദ് ദിനത്തിലെ വിരുന്നിൽ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. ഞായറാഴ്ച നടക്കുന്ന മംഗൾ ഉത്സവ് ദിനത്തിൽ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും പങ്കെടുക്കും.