Spread the love

കോഴിക്കോട്: ജില്ലയിലെ നിപ ബാധിത പ്രദേശങ്ങളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല. വവ്വാലുകളിൽ നിന്ന് ശേഖരിച്ച സ്രവ പരിശോധനയിൽ 36 സാംപിളുകളുടെ ഫലം നെഗറ്റീവ് ആയി. വവ്വാലുകളിലും ചില മൃഗങ്ങളിലും പരിശോധന തുടരുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. വവ്വാലുകളിലെ സ്രവ പരിശോധന നെഗറ്റീവ് ആയതിനാൽ ഉറവിടത്തെ കുറിച്ചുളള അവ്യക്തത തുടരുകയാണ്.

നിപ ബാധിച്ച് ഓഗസ്റ്റ് 30 ന് മരിച്ച കളളാട് മുഹമ്മദ് അലിയുടെ വീട്ടു പരിസരം ഉൾപ്പടെയുളള പ്രദേശങ്ങളിൽ നിന്നുളള വവ്വാലുകളുടെ സ്രവമാണ് കേന്ദ്ര-സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് വിദഗ്ധർ പരിശോധനയ്ക്കയച്ചിരുന്നത്. നിപ വൈറസ് ബാധിച്ച മുൻ വർഷങ്ങളിൽ നടത്തിയ പരിശോധനകളിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാൽ വവ്വാലുകളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകർന്നത് എങ്ങനെയെന്ന് കണ്ടെത്താനായില്ല. ഇതിൽ വ്യക്തതയുണ്ടെങ്കിലേ രോഗപ്രതിരോധ നടപടി പൂർണതോതിൽ ഫലപ്രദമാകൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

2018ലും 2021ലും ഇത്തവണയും മനുഷ്യരിൽ പ്രവേശിച്ചത് ഒരേ വകഭേദത്തിലുള്ള നിപ വൈറസ് തന്നെയാണ്. പഠനം നടത്തിയ കേന്ദ്രസംഘമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നിപ ബാധിത മേഖലകളിൽ ഇത്തവണ വ്യാപകമായി കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തത് ആശങ്ക ഉയർത്തിയിരുന്നു. ജാനകിക്കാട്, ഒറ്റക്കണ്ടം,ചരത്തിപ്പാറ പ്രദേശങ്ങളിൽ പന്നികൾ കൂട്ടത്തോടെ ചത്തിരുന്നു. ചങ്ങരോത്ത്, പന്തിരിക്കര ഭാഗത്ത് ചത്തനിലയിൽക്കണ്ട കാട്ടുപന്നിയുടെ ജഡം പരിശോധിക്കുകയും സാംപിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, പന്നികൾ ചത്തതിൽ അസ്വാഭാവികതയില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 11 പേരാണ് ഐസൊലേഷനിലുള്ളത്. ചികിത്സയിൽ കഴിയുന്ന ഒമ്പതുവയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ആദ്യ രോഗിയുടെ സമ്പർക്ക പട്ടികയിലുള്ള 281 പേരുടെ ഐസലേഷൻ പൂർത്തിയായി. വീടുകൾ കയറിയുള്ള സർവേ പൂർത്തിയായിട്ടുണ്ട്. നിപ വൈറസിന് വകഭേദം സംഭവിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിപ പരിശോധനയ്ക്കയച്ച 49 സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നു. അവസാനം പോസിറ്റീവായ വ്യക്തിയുടെ സമ്പർക്ക പട്ടികയിലുള്ള ആരോഗ്യപ്രവർത്തകരെചെറിയ ലക്ഷണങ്ങളോടെ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധിക്കും. നിലവിൽ നാല് പേരാണ് നിപ സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

Leave a Reply