Spread the love
വിവാദങ്ങൾക്കിടെ പുള്ളാവൂരില്‍ മെസ്സിക്കും നെയ്മര്‍ക്കും മേലെ തലയുയര്‍ത്തി ക്രിസ്റ്റ്യാനോയും

കോഴിക്കോട്: റോണോ അണ്ണനില്ലാതെ കേരളത്തില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആവേശം പൂര്‍ണമല്ലെന്ന് കാണിച്ച് പുള്ളാവൂരിലെ പോര്‍ച്ചുഗല്‍ ആരാധകര്‍. ചെറുപുഴയില്‍ മെസ്സിയുടേയും നെയ്മറുടേയും സമീപത്ത് പോര്‍ച്ചുഗല്‍ ഫാന്‍സ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് സ്ഥാപിച്ചു. വിവാദങ്ങള്‍ക്കിടെ ഇന്ന് സന്ധ്യയോടെയാണ് ചെറുപുഴയുടെ കരയില്‍ ഭീമന്‍ കട്ടൗട്ട് ഉയര്‍ന്നത്.നെയ്മറിന്റെയും മെസ്സിയുടേയും കൂറ്റന്‍ കട്ടൗട്ടുകള്‍ പുള്ളാവൂര്‍ പുഴയില്‍ നിന്നും നീക്കേണ്ട ആവശ്യമില്ലെന്ന് അഡ്വ. പിടിഎ റഹീം എംഎല്‍എ പറഞ്ഞിരുന്നു. ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിമാത്രം നടത്തുന്ന വാദത്തില്‍ ഒരടിസ്ഥാനവുമില്ലെന്ന് എംഎല്‍എ പറഞ്ഞു. കട്ടൗട്ടുകള്‍ സ്ഥാപിച്ച സ്ഥലം നഗരസഭയുടേയോ ഗ്രാമ പഞ്ചായത്തിന്റെയോ അധികാര പരിധിയില്‍ വരുന്നതല്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടൗട്ട് പുഴയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്.

കുടിവെള്ള സംവിധാനത്തിന് വേണ്ടി സര്‍ക്കാര്‍ വിട്ടു നല്‍കിയ ഭാഗമാണ്. സ്ഥലം നേരിട്ട് കണ്ട് സന്ദര്‍ശിച്ചപ്പോള്‍ പുഴയുടെ ഒഴുക്കിനെ ഒരു തരത്തിലും ബാധിക്കുകയില്ലായെന്ന് കണ്ടെത്തി. ഫുട്‌ബോള്‍ പ്രേമികള്‍ ഏറ്റെടുത്ത കട്ടൗട്ട് പുഴയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍ ശ്രീജിത്ത് പെരുമനയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം നടത്തിയതിനു ശേഷം ഫേസ്ബുക്ക് പേജിലൂടെ യാണ് പ്രതികരണവുമായി എംഎല്‍എ രംഗത്തെത്തിയത്.

കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതില്‍ നിന്ന് ചാത്തമംഗലം പഞ്ചായത്ത് പിന്‍മാറിയിരുന്നു. കട്ടൗട്ടുകള്‍ നീക്കം ചെയ്യുന്നതിനായി രേഖാമൂലം നോട്ടീസ് പഞ്ചായത്ത് നല്‍കിയിട്ടില്ല. ലഭിച്ച പരാതി അന്വേഷിക്കുകയും പരിശോധിക്കുകയും ചെയ്യുക മാത്രമാണ് നടത്തിയതെന്നും പഞ്ചായത്ത് പ്രസിഡന്റ് ഗഫൂര്‍ ഓലിക്കല്‍ പറഞ്ഞു. ഇതിനെതിരെ നടപടികള്‍ ഒന്നും എടുത്തിട്ടില്ലായെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് ജനങ്ങളുടെ കൂടെ നില്‍ക്കുകയുള്ളൂ. കട്ടൗട്ടുകള്‍ നിലനിര്‍ത്തണം എന്നുള്ളത് ഞങ്ങളുടെ വികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് അന്താരാഷ്ട്ര കായിക മാധ്യമങ്ങളിലടക്കം വാര്‍ത്തയായിരുന്നു. കേരളത്തിലെ ഫുട്‌ബോള്‍ പ്രേമത്തിന്റെ തീവ്രത ചൂണ്ടിക്കാണിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. അര്‍ജന്റീന ആരാധകര്‍ പുഴയുടെ നടുവിലെ തുരുത്തില്‍ കട്ടൗട്ട് വെച്ചതിന് പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു. 40 അടി വലുപ്പമുള്ള നെയ്മര്‍ ഫ്‌ലക്‌സ് വന്നതോടെ പുള്ളാവൂരിലെ ഫുട്‌ബോള്‍ ഫാന്‍ ഫൈറ്റിന് കൗതുകമേറി. മന്ത്രിമാര്‍ അടക്കമുള്ള പ്രമുഖര്‍ ചിത്രങ്ങള്‍ ഷെയര്‍ ചെയ്ത് പ്രതികരിച്ചിരുന്നു.

Leave a Reply