തൊടുപുഴ∙ മാത്യു കുഴല്‍നാടന്റെ ചിന്നക്കനാലിലെ റിസോര്‍ട്ടിന് ലൈസന്‍സ് പുതുക്കിനല്‍കി. ഹോം സ്റ്റേ ലൈസന്‍സാണ് പുതുക്കിനല്‍കിയത്. അഞ്ചു വര്‍ഷത്തെ ലൈസന്‍സിനാണ് അപേക്ഷിച്ചതെങ്കിലും ഡിസംബര്‍ 31 വരെയാണ് പുതുക്കിനല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്‌ക്കെതിരെ മാസപ്പടി ഉൾപ്പെടെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്ന കുഴൽനാടനെ തളയ്ക്കാൻ സിപിഎം ആയുധമാക്കിയത് ഈ റിസോർട്ടുമായി ബന്ധപ്പെട്ട നിയമലംഘനങ്ങളായിരുന്നു. ഇതിനിടെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കിനൽകിയത്. ഇക്കഴിഞ്ഞ മാർച്ച് 31ന് ഹോം സ്റ്റേ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു.
മാത്യു കുഴൽനാടൻ ചിന്നക്കനാലിൽ റിസോർട്ട് നിർമിച്ചത് ചട്ടം ലംഘിച്ചാണെന്ന ആരോപണവുമായി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ രംഗത്തെത്തിയിരുന്നു.
‘‘ഭൂപതിവു ചട്ടപ്രകാരം വീടു വയ്ക്കാനും കൃഷി ചെയ്യാനും മാത്രമാണു ചിന്നക്കനാൽ വില്ലേജിൽ സ്ഥലം വാങ്ങാൻ കഴിയുക. തനിക്കു കേരളത്തിൽ എവിടെയും വീടില്ലെന്നു ചിന്നക്കനാൽ വില്ലേജ് ഓഫിസർക്കു സത്യവാങ്മൂലം നൽകി സ്ഥലം വാങ്ങിയ കുഴൽനാടൻ അവിടെ നിർമിച്ചതു റിസോർട്ടാണ്. അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞതു റിസോർട്ടല്ല, ഗെസ്റ്റ് ഹൗസ് ആണെന്നാണ്. അതു നുണയാണ്. ബിസിനസാണ് അവിടെ നടക്കുന്നത്. ഇപ്പോഴും ബുക്കിങ് നടക്കുന്നുണ്ട്. പശ്ചിമ ഘട്ടവും പ്രകൃതിയും നശിക്കുമെന്നും റിസോർട്ട് അനുവദിക്കരുതെന്നും നിയമസഭയിലും പുറത്തും ആവശ്യപ്പെടുന്ന എംഎൽഎയാണു നിയമവിരുദ്ധമായി അവിടെ സ്ഥലം വാങ്ങി റിസോർട്ട് നടത്തുന്നത്’’ – ഇതായിരുന്നു മോഹനന്റെ വാദം.