‘ജീവിതത്തിന്റെ സുവർണ കാലം രാജ്യത്തിനായി സമർപ്പിക്കുന്ന ജവാനു കുടുംബവുമൊത്തു കഴിയാൻ സമയം ഒരുക്കേണ്ടതു സർക്കാരിന്റെ കടമയും ഉത്തരവാദിത്തവുമാണ്’- ആഭ്യന്തര മന്ത്രി അമിത് ഷാ. വർഷത്തില്‍ നൂറു ദിവസം സൈനികർക്ക് അവരുടെ കുടുംബവുമൊത്ത് ചെലവിടാൻ വേണ്ടുന്ന സൗകര്യങ്ങൾ ഒരുക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജയ്സാൽമീറിലെ രോഹിതാഷ് ഇന്തോ -പാക്ക് അതിർത്തി സന്ദർശിക്കാനെത്തിയതായിരുന്നു അമിത് ഷാ. രാജ്യത്തിന്റെ അതിർത്തി കാക്കാൻ സൈന്യം ഉണ്ടെന്ന വിശ്വാസത്തിലാണ് 130 കോടി ജനങ്ങളും താനും രാത്രി സമാധാനത്തോടെ ഉറങ്ങുന്നതെന്നും അമിത് ഷാ പറഞ്ഞു. ആയുഷ്മാൻ ഭാരത് യോജനയുടെ ഭാഗമായി ബിഎസ്എഫ് ജവാൻമാർക്ക് ആരോഗ്യ കാർഡുകൾ വിതരണം ചടങ്ങില്‍ നിര്‍വഹിച്ചു. ഇനി ബിഎസ്എഫ് ജവാന്മാരുടെ കുടുംബാംഗങ്ങൾക്കടക്കം രാജ്യത്ത് എവിടെയും സൗജന്യ ചികിത്സ ലഭിക്കുമെന്ന് മന്ത്രി അറിയിച്ചു.