മലയാള ചലച്ചിത്ര താര സംഘടനയായ അമ്മയ്ക്ക് പുതിയ ആസ്ഥാന മന്ദിരം. എറണാകുളം കലൂരിലാണ് മൂന്ന് നിലകളിലായുള്ള പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരി ആറിന് നിര്‍വ്വഹിക്കും. രാവിലെ പത്ത് മണിയ്ക്ക് സൂപ്പര്‍ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ചേര്‍ന്നാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്.
കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങ് നടക്കുക. നൂറ് പേര്‍ക്ക് മാത്രമായിരിക്കും ഉദ്ഘാടന ചടങ്ങില്‍ പ്രവേശനം. അമ്മയുടെ പ്രവര്‍ത്തനം ആരംഭിച്ച് 25 വര്‍ഷങ്ങള്‍ പിന്നിടുമ്ബോഴാണ് ആസ്ഥാന മന്ദിരത്തിന്റെ പണി പൂര്‍ത്തിയായിരിക്കുന്നത്.
2019 നവംബറിലായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പണി പൂര്‍ത്തിയാക്കാനായി ആറു മാസത്തെ സമയ പരിധിയാണ് അന്ന് നിശ്ചയിച്ചിരുന്നതെങ്കിലും കൊറോണ അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളെ തുടര്‍ന്ന് പ്രതീക്ഷിച്ചതിലും നീണ്ടു പോകുകയായിരുന്നു. സംഘടനയുടെ ജനറല്‍ ബോഡി ഒഴികെയുള്ള യോഗങ്ങള്‍ ഇനി പുതിയ ആസ്ഥാന മന്ദിരത്തില്‍ വെച്ചായിരിക്കും.