
നടന്‍ ഷമ്മി തിലകനെ സംഘടനയില്‍ നിന്ന് പുറത്താക്കിയിട്ടില്ലെന്ന് അമ്മ ഭാരവാഹികള്‍. ഷമ്മി തിലകനെതിരെ ഭൂരിഭാഗം അംഗങ്ങളും നടപടി ആവശ്യപ്പെട്ടു. അദ്ദേഹത്തിനെതിരെ നടപടിയുണ്ടാകുമെന്നും വിശദീകരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍വ്വാഹക സമിതിയെ ചുമതലപ്പെടുത്തിയെന്നും ഭാരവാഹികള്‍ അറിയിച്ചു. 2021 ഡിസംബറില്‍ കൊച്ചിയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഷമ്മി തിലകന്‍ മൊബൈലില്‍ ചിത്രീകരിച്ചതാണ് വിവാദമായത്. ഇത് കണ്ടയുടനെ യോഗത്തില്‍ പങ്കെടുത്ത താരങ്ങളില്‍ ഒരാള്‍ സംഘടനാ നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് ഷമ്മി തിലകനെതിരേ നടപടി വേണമെന്ന ആവശ്യവുമായി അംഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു.
അമ്മയില്‍ നിന്ന് പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ലെന്ന് നടന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചു. പരാതികള്‍ രേഖാമൂലം അമ്മയെ ധരിപ്പിച്ചിരുന്നതാണ്. അതിലൊന്നും നടപടിയെടുക്കാതെയാണ് ഇപ്പോള്‍ തനിക്കെതിരെ നടപടിയെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമ്മ എന്ന സംഘടന സ്ഥാപിതമായത് തന്റെ കൂടി പൈസ കൊണ്ടാണെന്ന് ഷമ്മി തിലകന്‍ ഓര്‍മ്മിപ്പിച്ചു. മണിയന്‍ പിള്ള രാജുവിന് അന്ന് 10,000 രൂപയാണ് കൊടുത്തത്. അമ്മയുടെ ലെറ്റര്‍ പാഡിന്റെ പൈസ കൊടുത്തത് താനാണെന്നും ആ ലെറ്റര്‍ പാഡിലൂടെ തന്നെ പുറത്താക്കുകയാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.