മമ്മൂട്ടിയുടെ നായികയായിട്ട് സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ടെസ്സ ജോസഫ്. ടിവി ഷോകളിലൂടെ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന ടെസ്സയെ സിനിമാപ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത് സംവിധായകൻ ലാൽ ജോസ് ആണ്. ലാൽ ജോസ് സംവിധാനം ചെയ്ത ‘പട്ടാളം’ (2003) ആണ് ടെസ്സയുടെ അരങ്ങേറ്റ ചിത്രം. ചിത്രത്തിൽ ഇന്ദ്രജിത്ത് അവതരിപ്പിച്ച പട്ടാളക്കാരന്റെ വിധവയായാണ് ടെസ്സ അഭിനയിച്ചത്.
ഇപ്പോൾ മിനി സ്ക്രീൻ പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് ടെസ്സ. ചക്കപ്പഴം എന്ന പരമ്പരയിൽ അഭിനയിക്കുകയാണ് ടെസ്സ. അതേസമയം മമ്മൂട്ടിയെ കുറിച്ച് ടെസ്സ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“വളരെ സ്വീറ്റ് ഹാർട്ടാണ് മമ്മൂക്ക. എല്ലാ വർഷവും മാർച്ച് എട്ടിന് മമ്മൂക്ക മെസേജ് അയക്കും, ഹാപ്പി വുമൻസ് ഡേ എന്നും പറഞ്ഞ്. ഇത്രയും കൊല്ലമായിട്ടും അതു മുടങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഞാനും മുടങ്ങാതെ വിളിക്കും, അല്ലെങ്കിൽ മെസേജ് ചെയ്യും,” ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ടെസ്സയുടെ തുറന്നു പറച്ചിൽ.
പട്ടാളം കഴിഞ്ഞ് അഭിനയത്തിൽ നിന്നും വിട്ടുനിന്ന ടെസ്സ പിന്നീട് 12 വർഷങ്ങൾക്കു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015ൽ ‘ഞാൻ സംവിധാനം ചെയ്യും’ എന്ന ബാലചന്ദ്രമേനോൻ ചിത്രത്തിലൂടെയായിരുന്നു രണ്ടാം വരവ്. രാജമ്മ@യാഹൂ, മറുപടി, ഗോൾഡ് കോയിൻ തുടങ്ങിയ ചിത്രങ്ങളിലും പിന്നീട് വേഷമിട്ടു.