നടൻ ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മകൾ രംഗത്തെത്തിയിരുന്നു. ബാല അഭിമുഖങ്ങളിലും മറ്റും പ്രചരിപ്പിക്കുന്ന തരത്തിൽ തന്നോട് യാതൊരുവിധ അടുപ്പവും കാണിച്ചിട്ടില്ലെന്നും താനും അമ്മയും അമ്മൂമ്മയും ആന്റിയും അടങ്ങുന്ന കുടുംബത്തെ ദ്രോഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ മകൾ പറഞ്ഞിരുന്നു.
തനിക്ക് ഈ വിഷയം സംസാരിക്കാൻ താല്പര്യം ഇല്ലായിരുന്നു എന്നും എന്നാൽ സ്കൂളിൽ പോലും ബാലയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ ചർച്ചയായ സന്ദർഭത്തിലാണ് താനിക്കാര്യത്തിൽ പ്രതികരണവുമായി എത്തിയതെന്നും കുട്ടി പറഞ്ഞിരുന്നു. താൻ കുട്ടിയായിരുന്നപ്പോൾ അമ്മയെ അച്ഛൻ ഉപദ്രവിച്ചിരുന്നു തുടങ്ങിയ ഗുരുതര ആരോപണങ്ങളും മകൾ അവന്തിക ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ മറുപടിയുമായി ബാലയും എത്തിയിരുന്നു.
മകളോട് തർക്കിക്കാൻ ഇല്ലെന്നും അങ്ങനെ തർക്കിച്ചാൽ താൻ ഒരിക്കലും ഒരച്ഛൻ ആവുകയില്ലെന്നും പറഞ്ഞ ബാല മകളെ ഇക്കാര്യത്തിൽ ജയിക്കാൻ അനുവദിക്കുകയാണെന്നും ഇനിയൊരിക്കലും അച്ഛൻ എന്ന അവകാശവുമായി എത്തില്ലെന്നും വ്യക്തമാക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയതോടെ ബാലയുടെ ഇമോഷണൽ വീഡിയോ ഏറ്റെടുത്ത സോഷ്യൽ മീഡിയ മകളെ കൊണ്ട് അമൃത വീഡിയോ മനപ്പൂർവം ചെയ്യിച്ചതാണെന്നും മറ്റും ആരോപിച്ച് സൈബർ ആക്രമണവുമായി രംഗത്തെത്തുകയായിരുന്നു. കാര്യങ്ങൾ കൈവിട്ടു പോയതോടെ സംഭവത്തിൽ വ്യക്തയും വിശദീകരണവുമായി രംഗത്തെത്തിരിക്കുകയാണ് അമൃത.
ഇത്രയും കാലം താൻ മിണ്ടാതിരിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ മകളുടെ കാര്യമായതുകൊണ്ടാണ് രംഗത്തെത്തിയതെന്നും പറഞ്ഞ അമൃത ബാലയിൽ നിന്നുണ്ടായ മാനസികവും ശാരീരികവുമായ പീഡനം സഹിക്കവയ്യാതെയാണ് പണ്ട് വീടുവിട്ടിറങ്ങിയതെന്നും വെളിപ്പെടുത്തി. ഇതാദ്യമായാണ് അമൃത ബാലയുമായുള്ള തന്റെ വിവാഹമോചനത്തിന്റെ കാരണം തുറന്നു പറയുന്നത്.
ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന ബാലക്കെതിരായ മകളുടെ വീഡിയോ തന്റെ അറിവോ സമ്മതമോ ഇല്ലാതെ അവൾ സ്വയം ചെയ്തതാണ്. ഈ കഴിഞ്ഞ 12 വർഷവും ഞങ്ങൾ കടന്നുപോയ കാര്യങ്ങളെല്ലാം ആ കുഞ്ഞു കുട്ടി കണ്ടിട്ടുള്ളതാണ്. ഇനിയെങ്കിലും മമ്മ ഒരു തെറ്റുകാരി അല്ല എന്ന് വിചാരിക്കട്ടെ എന്ന് കരുതി അവൾ അവളുടെ ഭാഷയിലും പക്വതയിലും സംസാരിച്ച കാര്യങ്ങളാണ് അത്. അത്രകണ്ട് വിഷമിച്ചത് കൊണ്ട് അവൾ സ്വയം ചെയ്തതാണ്. ഈ വീഡിയോ പുറത്ത് വന്നതിന് തൊട്ടു പിന്നാലെബാല ഒരു വീഡിയോ പുറത്തിറക്കി. മകളെ സൈബർ ബുള്ളിയിങ്ങിന് ഇങ്ങനെ ഇട്ടുകൊടുക്കുന്ന രീതിയിലുള്ള ബാലയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കുട്ടിയെ കള്ളി, അഹങ്കാരി തുടങ്ങിയ, ഒരു കൊച്ചു കുട്ടിയെ വിളിക്കാൻ പറ്റാത്ത ചീത്ത വാക്കുകൾ ആണ് പലരും കമന്റ് ചെയ്യുന്നതെന്നും ഈ വിഷമത്തിൽ നിന്നാണ് താനി വ്യക്തത വരുത്താൻ രംഗത്തെത്തിയെന്നും അമൃത പറയുന്നു.
കുട്ടിക്കാലത്ത് ഉണ്ടാകുന്ന ദുരനുഭവങ്ങൾ എല്ലാവർക്കും ഓർമ്മ ഉണ്ടാവില്ലേ എന്നും തന്റെ മകൾ കുഞ്ഞായിരുന്നപ്പോൾ വീട്ടിലെ ജോലിക്കാരാണ് അവൾക്കൊന്നും വരരുതെന്ന് കരുതി എടുത്തുകൊണ്ടു പോയിരുന്നതെന്നും അമൃത പറയുന്നു. ബാലയുടെ ഒരു അഭിമുഖത്തിൽ ആശുപത്രിയിൽ വയ്യാതെ കിടക്കുമ്പോൾ മകൾ ലാപ്ടോപ്പ് വാങ്ങിത്തരണമെന്ന് പറഞ്ഞുവെന്ന പരാമർശം കണ്ട തന്റെ മകൾ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് തന്നോട് ചോദിച്ചു എന്നും അമൃത പറയുന്നു.
ഇത്തരം വ്യാജ വാർത്തകൾ കാരണം തന്റെ മകളുടെ സ്കൂളിൽ നിന്നും നിരവധി ദുരനുഭവം മകൾക്കുണ്ടായെന്നും അമൃത പറയുന്നു.
പതിനെട്ടാമത്തെ വയസ്സിൽ ആദ്യമായി ഒരാളെ സ്നേഹിച്ചു. ബാലയുമായുള്ള കല്യാണവും കഴിഞ്ഞു. ഈ കല്യാണ നിശ്ചയത്തിനു ശേഷമാണ് ശേഷമാണ് ബാല മുൻപ് വിവാഹിതനായിരുന്നു എന്ന കാര്യം തനിക്ക് മനസ്സിലായതെന്നും അന്നും അച്ഛനും അമ്മയും വിവാഹത്തിൽ നിന്ന് പിന്മാറാൻ തന്നോട് പറഞ്ഞതാണെന്നും എന്ന താൻ തയ്യാറായില്ലന്നും താരം പറയുന്നു. കല്യാണത്തിന് ശേഷം ചോര തുപ്പി പല ദിവസവും ആ വീട്ടിൽ കിടന്നിട്ടുണ്ടെന്നും ഉപദ്രവം കൂടി വന്നപ്പോൾ തന്റെ മകളെയും കൂടി പ്രശ്നം ബാധിച്ചപ്പോഴാണ് താനാ വീട്ടിൽ നിന്നും ഇറങ്ങിയതെന്നും അമൃത പറയുന്നു.
വിവാഹമോചനത്തിനുശേഷം നഷ്ടപരിഹാരം ചോദിച്ചിരുന്നു പക്ഷേ മകളെ കോടതിയിൽ നിന്നും ബലമായി വലിച്ച് കൊണ്ട് പോയ സംഭവത്തിന് ശേഷം ഒന്നും വേണ്ടെന്ന് പറഞ്ഞെന്നും അമൃത പറയുന്നു. പരസ്പര ധാരണയോടെയാണ് പിരിഞ്ഞത്. തന്നെപ്പോലെ ബാലയും മറ്റൊരു ബന്ധത്തിലേക്ക് പോയെന്നും എന്നാൽ തന്നെ മാത്രമാണ് മോശമായി ചിത്രീകരിക്കുന്നത് എന്നും അമൃത പറയുന്നു. വിവാഹമോചനത്തിനുശേഷം താൻ അദ്ദേഹത്തെ മോശമായി ഒന്നും പറഞ്ഞിട്ടില്ല. ജീവിച്ചു പോകാൻ അനുവദിക്കണം. ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂ. എന്റെ മകളെ സൈബർ ബുള്ളിയിങ് ചെയ്യരുത്. ആ കുഞ്ഞിനെ വേദനിപ്പിക്കരുതെന്നും അമൃത പറഞ്ഞു.