ദില്ലി: ഖലിസ്ഥാൻവാദികളുടെ നേതാവ് അമൃത് പാൽ സിംഗ് നേപ്പാളിലേക്ക് കടന്നതായി സൂചന. രക്ഷപ്പെടാൻ അനുവദിക്കരുതെന്ന് ഇന്ത്യ നേപ്പാളിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് പുറത്തുവന്നു. ദില്ലിയിലും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലുമടക്കം തെരച്ചിൽ തുടരുന്നുണ്ട്. ഈ സമയത്താണ് പുതിയ വിവരം പുറത്തുവരുന്നത്. നേപ്പാൾ, ഭൂട്ടാൻ അതിർത്തികളിലും നിരീക്ഷണം ശക്തമാക്കിയിരുന്നു.
അമൃത് പാൽ സിംഗിനായുള്ള തെരച്ചിൽ ഒമ്പതാം ദിവസവും തുടരുന്നതിനിടെയാണ് ഇയാൾ നേപ്പാളിലേക്ക് കടന്നതായി സംശയം ഉയരുന്നത്. അമൃത് പാലിനെ അനുകൂലിക്കുന്നവരും നേരത്തെ പിടിയിലായവരുമായ 197 പേരെ പൊലീസ് വിട്ടയച്ചിരുന്നു. ഏഴു പേർക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയതായി പോലീസ് പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാന നില സാധാരണ നിലയിൽ ആണെന്നും പോലീസ് വ്യക്തമാക്കി. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ ഇടയുള്ള സ്ഥലങ്ങളിലൂടെ ഇന്നലെ അർദ്ധ സൈനിക, പോലീസ് വിഭാഗങ്ങൾ റൂട്ട് മാർച്ച് നടത്തിയിരുന്നു.