കൊട്ടാരക്കര∙ ഓടനാവട്ടത്തിനു അടുത്തു അതിർത്തി തർക്കത്തിനിടെ എൺപത്തഞ്ചുകാരിയെ ബന്ധുവായ യുവതി തള്ളിയിട്ട് പരുക്കേൽപ്പിച്ചു. ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്കിൽ താമസിക്കുന്ന സരസമ്മയ്ക്കാണ് പരുക്കേറ്റത്. തുടയെല്ലു പൊട്ടി ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സിയിലാണ്. സരസമ്മയുടെ അനുജത്തിയുടെ മരുമകൾ സരിത എന്ന സൗമ്യയ്ക്കെതിരെയാണ് കേസ് . ഇവർക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു.
സരസമ്മയെ സരിത തള്ളിയിടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വീടിന്റെ മുറ്റത്തുകൂടി നടന്നുവരുന്ന സരസമ്മയെ സരിത തള്ളിത്താഴെയിടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. രണ്ടു ദിവസം മുൻപു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്.
ഇരു കുടുംബങ്ങളും തമ്മിലുള്ള അതിർത്തി തർക്കത്തിന്റെ തുടർച്ചയായാണ് സംഭവം ഉണ്ടായത്. ബന്ധുക്കൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പലതവണ ശ്രമം നടന്നിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സൗമ്യയ്‌ക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തത്.