മലയാള വെള്ളിത്തിരയെ ഒരു കാലഘട്ടം മുഴുവൻ പ്രകമ്പനം കൊള്ളിച്ച അസാധാരണ വില്ലനായിരുന്നു ‘കീരിക്കാടൻ ജോസ്’. ഒരൊറ്റ സിനിമയിലെ കഥാപാത്രത്തിന്‍റെ പേര്, പിന്നീടുള്ള ജീവിതകാലം മുഴുവൻ സ്വന്തം പേരായി മാറുക എന്നത് വളരെക്കുറച്ച് പേർക്ക് മാത്രം കിട്ടിയിട്ടുള്ള ഭാഗ്യമാണ്. മോഹൻ രാജ് എന്ന നടന്‍റെ ഖ്യാതി വിളിച്ചറിയിക്കാൻ അതിലും വലിയൊരു വിശേഷണവും വേണ്ടിവരില്ല. അത്രയ്ക്കും വലിയ ‘കിരീട’മാണ് ‘കീരിക്കാടൻ ജോസ്’ മോഹൻ രാജിന് സമ്മാനിച്ചത്
സൈനികനായും പിന്നീട് കസ്റ്റംസിലും ശേഷം എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥനായും ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മോഹൻരാജിന്‍റെ ജീവിതം മാറ്റിമറിച്ചത് തന്നെ ‘കീരിക്കാടൻ ജോസ്’ ആയിരുന്നു.കുട്ടിക്കാലത്ത് മോഹൻ രാജിന് സൈനികനാകാനായിരുന്നു ആഗ്രഹം. മികച്ച നിലയിൽ പഠിച്ച് വളർന്ന മോഹൻ രാജ് ആദ്യം ജോലി നേടിയതും ഇന്ത്യൻ പട്ടാളത്തില്‍ തന്നെയായിരുന്നു. എന്നാല്‍ പിന്നീട് സര്‍വീസില്‍ നിന്നും മാറിനില്‍ക്കേണ്ടി വന്നതോടെ പഠനം തുടർന്ന് കസ്റ്റംസില്‍ ടെസ്റ്റ് എഴുതി ജോലി നേടി. ഏറക്കുറെ 4 വര്‍ഷത്തോളം കസ്റ്റംസില്‍ ജോലി ചെയ്ത മോഹൻ രാജ് പിന്നീട് എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിലും ജോലി നേടി മിടുക്ക് കാട്ടി. എൻഫോഴ്സ്മെന്‍റ് ഡിപ്പാർട്ട്മെന്‍റിൽ ഡ്യെപ്യൂട്ടി ഡയറക്ടറായി ജോലി ചെയ്യവെയാണ് സിനിമാ ജീവിതത്തിലേക്ക് കടക്കുന്നത്.
ആദ്യ ചിത്രം മൂന്നാം മുറയായിരുന്നു. അതിന് ശേഷം 1989 ലാണ് മോഹൻ രാജിന്‍റെ ജീവിതം മാറിമറിയുന്നത്സിബി മലയിലും ലോഹിതദാസും മോഹൻ ലാൽ ചിത്രമായ കിരീടത്തിലെ വില്ലൻ കഥാപാത്രത്തിന് പറ്റിയ നടനെ തേടുന്ന സമയമായിരുന്നു. അതിനിടയിലാണ് മോഹൻ രാജിന്‍റെ കടന്നുവരവ്. ശേഷം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വില്ലനായിരുന്നു മോഹൻ രാജിലൂടെ ലഭിച്ചത്. ‘കീരിക്കാടൻ ജോസ്’ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ തന്നെ മോഹൻ രാജ് സിനിമാ പ്രേമികളുടെ മനസിൽ എല്ലാക്കാലവും ജീവിക്കുമെന്നുറപ്പാണ്.
ഇന്ന് ഉവൈകുന്നേരത്തോടെയാണ് മോഹൻരാജ് അന്തരിച്ചത്. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം നടക്കുക. ഏറെ നാളായി മോഹന്‍രാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇതിന്‍റേതായ ബുദ്ധിമുട്ടുകളും മോഹന്‍രാജ് നേരിട്ടിരുന്നു.