റിവോള്‍വിംഗ് ഫണ്ട് അംഗീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ടൂറിസം മേഖലയ്ക്ക് കോവിഡ് സമാശ്വാസത്തിനായി 10 കോടി രൂപ അനുവദിച്ചു.
കോവിഡ് മാഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച മേഖല ടൂറിസമായിരുന്നു. സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചതോടെ അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ പ്രയാസത്തിലായി. സര്‍ക്കാരിന്‍റെ സമാശ്വാസ നടപടികള്‍ മാത്രമായിരുന്നു അവരുടെ ആശ്രയം. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് കേരളം പതിയെ തിരികെവരുകയാണ്. രണ്ട് വര്‍ഷത്തോമായി അടച്ചിട്ട ടൂറിസം കേന്ദ്രങ്ങള്‍ തുറന്നപ്പോള്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംരഭകര്‍ക്കും തൊഴിലാളികള്‍ക്കും ഒരു കൈത്താങ്ങ് ആവശ്യമാണ്. കഴിഞ്ഞ നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും റിവോള്‍വിംഗ് ഫണ്ട് നടപ്പിലാക്കുന്ന കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ പദ്ധതിക്ക് ഇപ്പോള്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുകയാണ്.
പലിശ രഹിതവും ഈട് ആവശ്യമില്ലാത്തതുമായ വായ്പാ പദ്ധതിയാണ് റിവോള്‍വിംഗ് ഫണ്ട്. ഒരു വ്യക്തിക്ക് പരമാവധി 10,000 രൂപ വരെ പലിശരഹിത വായ്പ ലഭിക്കും. വായ്പ സ്വീകരിക്കുന്ന വ്യക്തി ടൂറിസം ഡയറക്ടറുമായി 200 രൂപയുടെ മുദ്രപത്രത്തില്‍ കരാറില്‍ ഏര്‍പ്പെടണം. ഒരു വര്‍ഷത്തെ മൊറട്ടോറിയം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ഗുണഭോക്താവ് തുക തിരിച്ചടക്കയ്ണം. ടൂറിസം വകുപ്പിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെയാണ് റിവോള്‍വിംഗ് ഫണ്ട് സ്കീം നടപ്പിലാക്കുക. അപേക്ഷകള്‍ ഓണ്‍ലൈനായാണ് സ്വീകരിക്കുന്നത്. ഇതിനായി ടൂറിസം വകുപ്പ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉടന്‍ സജ്ജമാക്കും.
സംസ്ഥാന ടൂറിസം വകുപ്പിന്‍റേയോ ടൂറിസം മന്ത്രാലയത്തിന്‍റേയോ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയിലോ മറ്റേതെങ്കിലും അംഗീകൃത ടൂറിസം സംഘടനയിലോ അംഗത്വമുള്ളതും കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ടൂര്‍ ഓപ്പറേറ്റര്‍, ട്രാവല്‍ ഏജന്‍സി, ടൂറിസ്റ്റ് ടാക്സി, ടൂറിസ്റ്റ് ബസ്, ശിക്കാര, ഹൗസ് ബോട്ട്, ഹോട്ടല്‍, റിസോര്‍ട്ട്, റെസ്റ്റോറന്‍റ്, ആയുര്‍വേദ സെന്‍റര്‍, ഗൃഹസ്ഥലി , സര്‍വീസ്ഡ് വില്ല, അമ്യൂസ്മെന്‍റ് പാര്‍ക്ക്, ഫാം ടൂറിസം, സാഹസിക ടൂറിസം എന്നീ മേഖലകളിലെ ജീവനക്കാര്‍, ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന സൂക്ഷ്മ സംരഭങ്ങള്‍, കലാ സംഘങ്ങള്‍, ആ യോധന കലാ സംഘങ്ങള്‍, കരകൗശല വിദഗ്ധ സംഘങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ച് വരുന്ന വ്യക്തികള്‍, കേരള ടൂറിസം/ഇന്ത്യ ടൂറിസം ലൈസന്‍സ് ഉള്ള ടൂര്‍ ഗൈഡുകള്‍ എന്നിവര്‍ക്ക് ഈ പദ്ധതിപ്രകാരം വായ്പയ്ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ പരിശോധിച്ച് വായ്പ അനുവദിക്കുന്നതിനുള്ള സമിതിയെയും രൂപീകരിച്ചിട്ടുണ്ട്.