അട്ടപ്പാടി: പാലക്കാട് ആദിവാസി ഊരിന് സമീപം കാട്ടാനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാന ചരിഞ്ഞു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്ത് ചാളയൂരിലാണ് സംഭവം. ഇന്ന് രാവിലെ ഊരിന് സമീപം എത്തിയ ആനകളെ നാട്ടുകാര്‍ തുരത്തിയിരുന്നു. എങ്കിലും ഊരിന് സമീപത്തേക്ക് വീണ്ടും എത്തിയ ആനകള്‍ തമ്മില്‍ കൊമ്പ് കോര്‍ക്കുകയായിരുന്നു. ചരിഞ്ഞ ആനയുടെ പോസ്റ്റുമോര്‍ട്ടം നടത്തി സംസ്‌കരിക്കും. പാലക്കാട് ജില്ലയിലെ പല മേഖലകളിലും വന്യമൃഗ ശല്യം രൂക്ഷമാണ്. മെയ് അവസാന വാരത്തില്‍ മലമ്പുഴയില്‍ കാട്ടാനക്കൂട്ടം ഇറങ്ങിയിരുന്നു. മലമ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് കാട്ടാനകള്‍ ഇറങ്ങിയത്. 12ഓളം ആനകളുള്ള കൂട്ടത്തില്‍ ഒരു കുട്ടിയാനയും ഉണ്ടായിരുന്നു.