ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി. പുഴയിലെ അതിശക്തമായ ഒഴുക്കിനെ മുറിച്ചുകടന്നാണ് ആന രക്ഷപ്പെട്ടത്. അഞ്ച് മണിക്കൂറോളമാണ് ആന പുഴയില്‍ കരകയറാനാകാതെ നിന്നത്. പുഴയില്‍ പലയിടത്തുമുണ്ടായിരുന്ന ചെറിയ പാറക്കെട്ടുകളില്‍ തട്ടിനിന്ന് ആന ഒഴുക്കിനെ അതിജീവിക്കുകയായിരുന്നു. പിള്ളപ്പാറ മേഖലയിലാണ് സംഭവം.
രാവിലെ ആറ് മണിയോടെയാണ് ആന പുഴയില്‍ കുടുങ്ങിയത് പ്രദേശവാസികള്‍ കണ്ടത്.
തുരുത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെടുകയായിരുന്നു. മണിക്കൂറുകളോളം ഒരു തുരുത്തില്‍പെട്ട് കിടന്ന ആന ഒരു വേള ഒഴുക്കില്‍പെട്ടിരുന്നു എന്നാല്‍ കരയോട് ചേര്‍ന്നുള്ള മറ്റൊരു തുരുത്തില്‍ എത്താന്‍ ഇത് സഹായിച്ചു.
ഇവിടെ നിന്നും സാവധാനം നീന്തിയാണ് ആന കരകയറിയത്. ഈ നദിയുടെ ഒരു വശം ജനവാസമേഖലയും മറുവശം വനവുമാണ്. കാട്ടാനയായതിനാല്‍ തന്നെ മനുഷ്യന് രക്ഷിക്കാനായി ഒന്നും ചെയ്യാന്‍ സാധ്യമല്ലായിരുന്നു. ഈ വനത്തില്‍ നിന്നും കാട്ടാനകള്‍ നദി നീന്തിക്കടന്ന് ജനവാസ മേഖലകളില്‍ എത്തുന്നത് സ്ഥിരം സംഭവമാണ് ഇതാനാല്‍ തന്നെ ആന സ്വയം നീന്തി രക്ഷപെടുമെന്നായിരുന്നു സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞിരുന്നത്.