ബെംഗളൂരു: തമിഴ് നടൻ വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം. ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് അജ്ഞാതൻ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മദ്യലഹരിയിലാണ് പ്രതി നടനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ഇയാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്.