രണ്ടു സീനുകൾ ടീസറുകളായി പുറത്തു വിട്ട് തെക്ക് വടക്ക് സിനിമയുടെ വ്യത്യസ്തമായ പ്രചരണം. നാളെ സിനിമ റിലീസ് ചെയ്യാനിരിക്കെ വിനായകന്റെയും സുരാജ് വെഞ്ഞാറമ്മൂടിന്റെയും കിടിലൻ പെർഫോമൻസുകളുള്ള സീനുകളാണ് പ്രേക്ഷകരിലെത്തിയത്.
വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകൾ വീതമാണ് പുറത്തു വന്നത്. “സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തു വിട്ടത്”- നിർമ്മാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.
മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയിൽ പോകണം എന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോൾ സുരാജ് പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതിൽ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയെ സീനിൽ കാണാം.
വക്കീൽ ഓഫീസിലെത്തിയ വിനായകൻ അവതരിപ്പിക്കുന്ന മാധവൻ വിനാതാ അഭിഭാഷകരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് രണ്ടാമത്തേത്. അഡ്വ. അലക്സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളിൽ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തം.
അരിമിൽ ഉടമയാണ് ശങ്കുണ്ണി. മാധവൻ റിട്ടയേഡ് കെഎസ്ഇബി എഞ്ചിനീയറും- ഇരുവർക്കും ഇടയിലെ പോരാണ് സിനിമ അവതരിപ്പിക്കുന്നത്. ലോകമാകെ തിയറ്ററുകളിൽ തെക്ക് വടക്ക് നാളെ റിലീസ് ചെയ്യും. കേരളത്തിൽ ഇരുന്നൂറിലേറെ തിയറ്ററുകളിലുണ്ട്. ബുക്കിങ് ആരംഭിച്ചു. ശങ്കുണ്ണിയുടേയും മാധവന്റേയും രാജ്യങ്ങൾ എന്ന പേരിൽ- റിലീസിനു തലേന്ന് സീനുകൾ ടീസറുകളായി പുറത്തു വിട്ടത് ശ്രദ്ധേയമായി. സീനുകൾ കാണാം.