ബോളിവുഡില്‍ പ്രിയദര്‍ശനോളം ഹിറ്റുകള്‍ സൃഷ്ടിച്ച ഒരു മലയാളി സംവിധായകന്‍ ഇല്ല. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം ബോളിവുഡിലേക്ക് തിരിച്ചെത്തുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ഇന്‍ഡസ്ട്രിയും പ്രതീക്ഷിക്കുന്നില്ല. പ്രിയദര്‍ശനൊപ്പം പല ഹിറ്റുകളും സൃഷ്ടിച്ച സാക്ഷാല്‍ അക്ഷയ് കുമാര്‍ ആണ് ഇക്കുറി പ്രിയന്‍റെ നായകന്‍. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രിയദര്‍ശനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. ഭൂത് ബംഗ്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. എന്നാല്‍ ചിത്രത്തിലെ താരനിരയുടെ പ്രത്യേകത അവിടംകൊണ്ടും അവസാനിക്കുന്നില്ല. തബുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ജോയിന്‍ ചെയ്ത സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം.
ലൊക്കേഷനില്‍ നിന്നുള്ള ക്ലാപ്പ് ബോര്‍ഡിന്‍റെ ചിത്രമാണ് തബു ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞങ്ങള്‍ ഇവിടെ അകപ്പെട്ടിരിക്കുകയാണെന്നാണ് ചിത്രത്തിനൊപ്പം തബു കുറിച്ചിരിക്കുന്ന ക്യാപ്ഷന്‍. ചിത്രത്തിന്‍റെ ഹൊറര്‍ സ്വഭാവം സൂചിപ്പിക്കുന്ന വരിയാണ് ഇത്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തബു ഒരു പ്രിയദര്‍ശന്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2000 ല്‍ പുറത്തെത്തിയ സ്നേഹിതിയേ (രാക്കിളിപ്പാട്ടിന്‍റെ തമിഴ്, ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളം, ഹിന്ദി പതിപ്പുകള്‍ റിലീസ് ചെയ്യപ്പെട്ടത്) ആയിരുന്നു ഇരുവരും ഒന്നിച്ച അവസാനചിത്രം.
ജയ്പൂരിലെ ചോമു പാലസിലാണ് സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുന്നത്, പ്രിയദര്‍ശനും അക്ഷയ് കുമാറും ഭൂല്‍ ഭുലയ്യ ചിത്രീകരിച്ചതും ഇതേ ലൊക്കേഷനിലാണ്. ഭൂത് ബംഗ്ലയിലെ ചില അതീന്ത്രീയ ശക്തികളുള്ള ബംഗ്ലാവായി ചിത്രത്തില്‍ എത്തുന്നത് ചോമു പാലസ് ആണ്.
സിനിമയിലെ 60 ശതമാനം രംഗങ്ങളും ഇവിടെയാവും ചിത്രീകരിക്കുന്നത്. അതിനാല്‍ത്തന്നെ ചിത്രത്തിലെ പ്രധാന താരങ്ങളൊക്കെയും ഇവിടുത്തെ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒരു മാസത്തിലേറെ നീണ്ടുനില്‍ക്കുന്നതാണ് ഇവിടുത്തെ ചിത്രീകരണം. ജയ്പൂര്‍ കൂടാതെ മുംബൈയും ലണ്ടനും ചിത്രത്തിന്‍റെ ലൊക്കേഷനുകളാണ്. വമിഖ ഗബ്ബി, പരേഷ് റാവല്‍, അസ്രാണി, രാജ്‍പാല് യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 2026 ഏപ്രിലിലാവും ചിത്രം തിയറ്ററുകളില്‍ എത്തുക.