നടുറോഡിൽ വനിതാ വ്യാപാരിയെ വെട്ടി കൊലപ്പെടുത്തിയത് മുന്‍വൈരാഗ്യം മൂലമെന്ന് പൊലീസ്. നാലും പതിനൊന്നും വയസ്സുള്ള മക്കള്‍ക്കൊപ്പം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു റിന്‍സിയെ റിയാസ് ആക്രമിച്ചത്. ബൈക്കിൽ പിന്തുടർന്ന റിയാസ് ഇവരുടെ സ്കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വാളെടുത്ത് റിൻസിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. ആക്രമണം കണ്ടു ഭയന്ന മക്കളുടെ കരച്ചിൽ കേട്ട് അതുവഴി വന്ന മദ്രസ അധ്യാപകരാണ് ഓടിയെത്തിയത്. തുടര്‍ന്ന് റിന്‍സിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നു മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട മാങ്ങാരപറമ്പിൽ റിൻസി (30) നടത്തുന്ന തുണിക്കടയിലെ ജീവനക്കാരനായിരുന്നു പ്രതി റിയാസ്. റിൻസിയുടെ കുടുംബകാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയതിനെ തുടർന്ന് റിയാസിനെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യത്തിലാണ് റിൻസിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു.