കൊച്ചി ∙ അങ്കമാലിയിലെ ലളിതയുടെ (62) മരണത്തിൽ ഭർത്താവിനായി അന്വേഷണം ഊർജിതം. അങ്കമാലി പാറക്കടവ് പുളിയനം മില്ലുപടിയിൽ ലളിത ശനിയാഴ്ചയാണു കൊല്ലപ്പെട്ടത്. കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊലപ്പെടുത്തിയ രീതിയിലാണു മൃതദേഹം വീട്ടിൽ കാണപ്പെട്ടത്. ഭർത്താവ് ബാലൻ ഒളിവിലാണ്. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞെത്തിയ മകനാണ് ലളിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
കഴുത്തിൽ കുരുക്കിയ പ്ലാസ്റ്റിക് കയർ സ്വീകരണ മുറിയിലെ സെറ്റിയിൽ കെട്ടിയ നിലയിലായിരുന്നു. എറണാകുളത്ത് ജോലിയുള്ള മകൻ മോഹിന്ദ് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ബാലൻ വീട്ടിലുണ്ടായിരുന്നു. മകൻ വീട്ടിൽനിന്നും പോയതിനു പിന്നാലെയാണു കൊലപാതകം നടന്നതെന്നാണു പൊലീസ് നിഗമനം. ശനിയാഴ്ച രാവിലെ 11.30ഓടെ ബാലൻ പാറക്കടവ് ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിൽ സൈക്കിൾ ഉപേക്ഷിച്ചു കടന്നു കളഞ്ഞെന്നാണു വിചാരിക്കുന്നത്.
ലളിതയെ ബാലൻ നിരന്തരം ഉപദ്രവിച്ചിരുന്നതായി അയൽക്കാർ പറഞ്ഞു. നാട്ടുകാരുമായി വലിയ അടുപ്പമില്ലായിരുന്നു. ബാലന്റെ മർദനം താങ്ങാനാവാതെ ലളിത മുൻപ് അങ്കമാലി പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . ആലുവ എഫ്ഐടിയിൽ ജോലിക്കാരനായിരുന്ന ബാലൻ വിരമിച്ച ശേഷം മരപ്പണി ചെയ്യുകയായിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഭാര്യയെ തലയ്ക്കടിച്ചു കൊല്ലാൻ ബാലൻ ശ്രമിച്ചിരുന്നു. അമ്മയെ പിതാവ് നിരന്തരം ആക്രമിച്ചിരുന്നതായി മകനും മൊഴി നൽകി. സംഭവദിവസം മോഹിന്ദിന്റെ ഗർഭിണിയായ ഭാര്യയും കുഞ്ഞും അവരുടെ വീട്ടിലായിരുന്നു. ഓട്ടിസം ബാധിതയായ മകളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണു ലളിതയെ കൊലപ്പെടുത്തിയതെന്നു പൊലീസ് അറിയിച്ചു.