മാർക്കോ, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിലൂടെ മലയാള സിനിമയിലെ പ്രധാന നടന്മാർക്കൊപ്പം തന്നെ സിനിമ വാണിജ്യത്തിൽ ഇരിപ്പിടം ഉറപ്പിച്ചിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണിയെ സംബന്ധിച്ചിടത്തോളം 2024 -25 ഒരേസമയം ഉയർച്ചകളുടെയും വിവാദങ്ങളുടെയും വർഷങ്ങളായിരുന്നു. മാർക്കോ തന്റെ കരിയറിലെ ഏറ്റവും വലിയ സക്ക്‌സസും ആക്ഷൻ ഹീറോ എന്ന പേരും നടന് നേടികൊടുത്തപ്പോൾ മുൻ മാനേജറുമായുള്ള തർക്കവും കേസുമെല്ലാം താരത്തിന് വലിയ ക്ഷീണം തന്നെ ഉണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവിൽ താര സംഘടനായ അമ്മയുടെ തലപ്പത്തേക്ക് ഭൂരിഭാഗം അംഗങ്ങളും മോഹൻ ലാൽ എത്തണം എന്ന് താല്പര്യം പ്രകടിപ്പിച്ചിട്ടും സ്ഥാനമേൽക്കാത്തതിന്റെ കാരണം ഉണ്ണിമുകുന്ദൻ ആണെന്നതടക്കമുള്ള വിവരങ്ങളും പ്രചരിച്ചിരുന്നു.
ഉണ്ണി മകൻ പ്രണവിനെതിരെ നടത്തിയ സോഷ്യൽ മീഡിയ പോസ്റ്റ് ആണ് താരത്തെ ചൊടിപ്പിച്ചത് എന്ന് തന്റെ യൂട്യൂബ് ചാനലിലൂടെ സംവിധായകരിൽൻ ശാന്തിവിള ദിനേശ് ആരോപിച്ചിരുന്നു. പിന്നാലെ താരത്തിന്റെ ആരാധകർ ശാന്തിവിളയ്ക്കെതിരെ തിരിഞ്ഞിരുന്നു. ഉണ്ണിയോടുള്ള വ്യക്തി വൈരാഗ്യം മൂലമാണ് ശാന്തിവിള താരത്തെ നിരന്തരം വിമർശിക്കുന്നതെന്നായിരുന്നു ആരാധകരുടെ വാദം. ഇപ്പോഴിതാ തന്റെ പരാമർശങ്ങൾ ഉണ്ണിയോടുള്ള വൈരാഗ്യം മൂലമാണെന്ന വാദങ്ങളിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശാന്തിവിള ഗണേഷ് ഇപ്പോൾ.
ശാന്തിവിളയുടെ വാക്കുകൾ
‘നടൻ ഉണ്ണി മുകുന്ദനെ ഞാൻ രൂക്ഷമായി വിമർശിക്കുന്നു എന്നാണ് ചിലരുടെ പരാതി. ഉണ്ണി മുകുന്ദൻ ഡേറ്റ് തരാത്തതിന്റെ ചൊരുക്കാണ് എനിക്കെന്നാണ് ഒരു വിവരദോഷിയായ ചെറുക്കൻ പറയുന്നത്. ഉണ്ണി മുകുന്ദൻ എനിക്ക് ഡേറ്റ് നൽകിയില്ല എന്നതല്ല എന്റെ പരാതി. കഥ പറയാൻ വരാൻ പറഞ്ഞപ്പോൾ, ഞാൻ ഇടപ്പള്ളിയിൽ അവന്റെ വീട്ടിൽ ചെന്ന് കഥ പറഞ്ഞു. ഉണ്ണി മുകുന്ദൻ എന്നോട് വിശദമായി കഥ കേട്ട ശേഷം ഡേറ്റ് നമുക്ക് സംസാരിക്കാമെന്ന് പറഞ്ഞു. ഞാൻ തിരക്കഥയെഴുതുന്ന ആൾക്കാരെ ഇങ്ങോട്ട് അയക്കാമെന്ന് പറഞ്ഞ് സ്‌നേഹത്തോടെയാണ് പിരിഞ്ഞത്. അല്ലാതെ കഥ കേട്ട് ഇഷ്ടപ്പെടാതെ അല്ല.
വിശദമായി കഥ പറയാൻ തിരക്കഥയെഴുതുന്ന രണ്ട് ചെറുപ്പക്കാരെ അങ്ങോട്ട് അയച്ചു. മലപ്പുറത്തുള്ള രണ്ട് മുസ്ലീം യുവാക്കളാണ് തിരക്കഥയെഴുതുന്നത്. ഞാൻ അവരെ കഥ പറയാൻ അയച്ചു. അന്ന് ഉണ്ണി മുകുന്ദൻ ഇന്ന് കാണുന്നപോലെ വളർന്നിട്ടൊന്നുമില്ല. അവർ കഥ പറഞ്ഞ് മടങ്ങാൻ നേരം ഉണ്ണി മുകുന്ദൻ എന്ന മഹാൻ പറയുകയാണ്, എനിക്ക് സബ്ജക്റ്റ് വലിയ രീതിയിൽ ഇഷ്ടപ്പെട്ടു. ഈ സിനിമ നമുക്ക് ചെയ്യാം. ആ സംവിധായകനെയും നിർമ്മാതാവിനെയും നമുക്ക് കട്ട് ചെയ്യാമെന്ന് പറഞ്ഞു. ഞാൻ നിങ്ങൾക്ക് നിർമ്മാതാവിനെയും സംവിധായകനെയും തരാം. തിരക്കഥാകൃത്തുക്കൾ തുടക്കക്കാരാണ്. വേറെ ആരാണെങ്കിലും അത് സമ്മതിക്കും. കാരണം നല്ലൊരു തുടക്കം കിട്ടുമെന്ന് മാത്രമല്ലേ വിചാരിക്കുകയുള്ളൂ.
പക്ഷേ, ആ മുസ്ലീം സഹോദരങ്ങൾ പറഞ്ഞത്, ഈ കഥ ഞങ്ങൾ ദിനേശേട്ടന് വേണ്ടി ഉണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ കാശിൽ റൂം എടുത്ത് നൽകി ഞങ്ങളെക്കൊണ്ട് എഴുതിച്ചതാണ്. ഈ കഥ ഞങ്ങൾ മാറ്റാർക്കും കൊടുക്കില്ല. വേറെ ഏതെങ്കിലും കഥ വേണമെങ്കിൽ പറയാം. ഇതും പറഞ്ഞ് അവർ ഇറങ്ങിപ്പോന്നൂ. അവർ എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിങ്ങൾക്ക് ഒരു തുടക്കം കിട്ടുന്നതല്ലേ, എനിക്ക് പരാതിയില്ല എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അവർ കഥ കൊടുത്തില്ല. അവർ തന്തയ്ക്ക് പിറന്ന പിള്ളേരാണെന്ന് പറയാം.
എനിക്ക് വാശികൾ കൊണ്ടുനടക്കുന്ന ശീലമില്ല. എട്ടോ പത്തോ വർഷം മുമ്പ് നടന്ന ഒരു സംഭവം ചാനൽ തുടങ്ങിയ സമയത്ത് പറഞ്ഞന്നേ ഉള്ളൂ. ഞാൻ ഇതൊന്നും മനസിൽ വാശിയായി കൊണ്ടുനടക്കുന്ന ആളല്ല. ഉണ്ണി മുകുന്ദന്റെ രക്തത്തിൽ ഇത്തരം തരികിട പരിപാടികളുണ്ടെന്ന് വർഷങ്ങൾക്ക് മുമ്പ് ഞാൻ അറിഞ്ഞു. ഉണ്ണി മുകുന്ദൻ ഒരിക്കലും സ്‌ട്രെയിറ്റ് അല്ല. ഒരു ശത്രുവായി ഞാൻ ഉണ്ണി മുകുന്ദനെ കൊണ്ടുനടക്കുന്ന ആളുമല്ല’









