തെന്നിന്ത്യയിലെ ഏറ്റവും റൊമാന്റിക് ആയ താരജോഡിയാണ് തമിഴ് നടൻ സൂര്യയും ഭാര്യ ജ്യോതികയും. ഇരുവരും തമ്മിലുള്ള സ്നേഹവും പരസ്പര ബഹുമാനവുമെല്ലാം എല്ലാവർക്കും മാതൃകയാക്കാൻ കഴിയുന്നതാണ്. ഇക്കാര്യം ഊട്ടിയുറപ്പിക്കുകയാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ സൂര്യ പറഞ്ഞ കാര്യങ്ങൾ.
ഒരു കാലത്ത് ജ്യോതിക വാങ്ങിയ പ്രതിഫലം തനിക്ക് ലഭിച്ചിരുന്നതിനേക്കാൾ മൂന്നിരട്ടിയാണെന്നാണ് സൂര്യ പറഞ്ഞത്. നായകനെന്ന് സ്വയം വിളിക്കാൻ തക്കനിലയിലേക്ക് താൻ വളരാൻ പിന്നേയും ഒരുപാട് സമയമെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 1999-ലെ പൂവെല്ലാം കേട്ടുപ്പാർ എന്ന റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തെ ഓർമകളാണ് സൂര്യ പങ്കുവെച്ചത്.
‘ഞാനൊരു അഭിനേതാവിന്റെ മകനാണ്. എനിക്ക് തമിഴ് അറിയാം. പക്ഷേ ഞാൻ എന്റെ സംഭാഷണം മറന്നു. അഭിനയിക്കേണ്ടത് എങ്ങനെയെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്റെ മൂന്നാമത്തെയോ നാലാമത്തെയോ ചിത്രമായിരുന്നു അത്. അന്ന് ജ്യോതികയോട് എനിക്ക് വളരെയേറെ ബഹുമാനം തോന്നി. ജോലിയോടുള്ള അവളുടെ ആത്മാർഥത. സംഭാഷണങ്ങളെല്ലാം അവൾക്ക് മനഃപാഠമായിരുന്നു.’ -സൂര്യ പറഞ്ഞു
‘അവൾ വിജയത്തിലേക്ക് കുതിച്ചുയർന്നു. അഭിനേതാവെന്ന നിലയിൽ ഞാൻ നേരെ നിൽക്കാൻ തന്നെ അഞ്ച് വർഷമെടുത്തു. നായകനെന്ന് എന്നെ സ്വയം വിളിക്കാൻ പാകത്തിലുള്ള തലത്തിലേക്ക് എത്താൻ ഞാൻ വീണ്ടും സമയമെടുത്തു. 2003-ലെ കാക്ക കാക്ക എന്ന ചിത്രത്തിൽ അവൾ വാങ്ങിയ പ്രതിഫലം എനിക്ക് ലഭിച്ചതിനേക്കാൾ മൂന്നിരട്ടിയായിരുന്നു.’ -സൂര്യ പറഞ്ഞു.