കോഴിക്കോട് പോലൂരില്‍ വീട്ടിൽ നിന്ന് അജ്ഞാതശബ്ദം മുഴങ്ങുന്നത് അടിത്തറയ്ക്ക് കീഴിൽ വിള്ളലുകള്‍ ഉണ്ടാകുമ്പോഴെന്ന് റിപ്പോര്‍ട്ട്. ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ പരിശോധനയിലാണ് കണ്ടെത്തല്‍. സ്ഥലത്ത് കൂടുതല്‍ പഠനം നടത്തണം. വീട് താമസയോഗ്യമല്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
വീട്ടുകാരെ പുനരധിവസിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് കത്ത് നൽകി. രണ്ട് മാസം മുമ്പാണ് പോലൂർ മാരാത്ത് ബിജുവിന്‍റെ വീട്ടിൽ നിന്നും മുഴക്കം കേൾക്കാൻ തുടങ്ങിയത്. തുടർന്ന് ഭൗമ ശാസ്ത്രജ്ഞൻ ജി ശങ്കറിന്‍റെ നേതൃത്വത്തിലുള്ള സംഘം നാല് ദിവസം നീണ്ട് നിന്ന പഠനം നടത്തി. ഇലക്ട്രിക്കൽ റസിസ്റ്റിവിറ്റി പഠനമാണ് വീടിനു സമീപത്തെ പ്രദേശങ്ങളിൽ നടത്തിയത്. വീട് നിൽക്കുന്ന ഭൂമിക്കടിയിലെ വെള്ളത്തിന്‍റെ ഒഴുക്ക് അസാധാരണ പ്രതിഭാസത്തിന് കാരണമായിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
അടിത്തറയുടെ ബെല്‍റ്റിനും കോണ്‍ക്രീറ്റിനും വിള്ളലുകള്‍ ഉണ്ടാകുന്നു. ഈ സമയത്താണ് വീട് കുലുങ്ങുന്നതെന്നും ഈ ശബ്ദമാണ് വീടിനുള്ളില്‍ നിന്നും മുഴങ്ങുന്നതെന്നുമാണ് ഭൌമശാസ്ത്ര പഠനകേന്ദ്രത്തിന്‍റെ കണ്ടെത്തല്‍. വീട് താമസയോഗ്യമല്ല. ബിജുവിന്‍റെ വീടിന് സമീപമുള്ള മറ്റൊരു വീടിനും വിള്ളലുകള്‍ വന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ഇവരെ പുനരധിവസിപ്പിക്കാൻ ആലോചിക്കുന്നത്. പഠനം നടത്തിയത് മഴക്കാലത്താണ്. വേനല്‍കാലത്ത് പഠനം നടത്തിയാല്‍ മാത്രമേ സോയില്‍ പൈപ്പിംഗാണോ മറ്റെന്തെങ്കിലും കാരണമാണോ എന്നുറപ്പിച്ച് പറയാന്‍ സാധിക്കൂ എന്നും റിപ്പോര്‍ട്ടിലുണ്ട്.