ന്യൂഡൽഹി∙ മധ്യപ്രദേശിൽനിന്നും ഒഡീഷയിൽനിന്നുമുള്ള രാജ്യസഭാ സ്ഥാനാർഥികളുടെ പേരുകള്‍ ബിജെപി പുറത്തുവിട്ടു . രണ്ട് കേന്ദ്രമന്ത്രിമാർക്കു വീണ്ടും അവസരം നൽകി. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിൽനിന്നും എൽ.മുരുകൻ മധ്യപ്രദേശിൽനിന്നും മത്സരിക്കും.
രണ്ടു സംസ്ഥാനങ്ങളിൽനിന്നുമായി അഞ്ച് സ്ഥാനാർഥികളുടെ പേരുകളാണു ബിജെപി പുറത്തുവിട്ടിരിക്കുന്നത്. മധ്യപ്രദേശിൽ എൽ.മുരുകൻ, ഉമേഷ് നാഥ് മഹാരാജ്, മായാ നരോലിയ, ബൻസിലാൽ ഗുർജർ എന്നിവരും ഒഡീഷയിൽനിന്ന് അശ്വിനി വൈഷ്ണവുമാണ് മത്സരിക്കുന്നത്.
ഫെബ്രുവരി 27-നാണു രാജ്യസഭയിലെ 56 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് രാവിലെ 9 മുതൽ ഉച്ചകഴിഞ്ഞ് 4 വരെയായിരിക്കും വോട്ടെടുപ്പ് നടക്കുക. വൈകീട്ട് 5 ന് വോട്ടെണ്ണൽ നടക്കും. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിനം ഫെബ്രുവരി 15 ആണ്.