
കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മണിമലയാറ്റിലേക്ക് എത്തുന്ന പുല്ലകയാറിൽ ജലനിരപ്പ് ഉയരുന്നു. കൂട്ടിക്കൽ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയിൽ ഉരുൾപൊട്ടി. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടർന്ന് ഇളംകാടിലെ മൂപ്പൻ മല, മ്ലാക്കര മേഖലകളിലാണ് ഉരുൾ പൊട്ടിയത്. ഇതോടെ പുല്ലകയാറിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. പുല്ലകയാറിലെ ജലനിരപ്പ് ഉയരുന്നതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. മലവെള്ളപ്പാച്ചിലിൽ മണിമലയാറ്റിലും വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിലും നാട്ടുകാർ ജാഗ്രതയിലാണ്. ഒക്ടോബർ 16ന് ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം ഇളങ്കാട്, ഏന്തയാർ, കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, മണിമല ഭാഗങ്ങളിൽ കനത്ത നാശനഷ്ടവും നിരവധിപേർ മരിക്കുകയും ചെയ്തിരുന്നു.