ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ചൂട്ടയിൽ കാവുകിളാകത്ത് വീട്ടിൽ രതീഷ്-ശുഭ ദമ്പതികളുടെ മകൻ സിദ്ധാർഥാണ്(11) മരിച്ചത്. കിളിമാനൂര്‍ ഗവ. എച്ച്എസ്എസിലെ വിദ്യാർഥിയാണ് സിദ്ധാർഥ്. നാലു ദിവസം മുൻപാണ് കുട്ടിയ്ക്ക് പനി ബാധിച്ചത്. രോഗം കൂടിയതോടെ തിരുവനന്തപുരം എസ് എ ടി യിലേക്ക് മാറ്റിയെങ്കിലും ഇന്ന് മരണം സംഭവിക്കുകയായിരുന്നു.
ഈ മാസം ഇതുവരെ മാത്രം 70പേർക്കാണ് സ്ക്രബ് ടൈഫസ് സ്ഥിരീകരിച്ചത്. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 253 ആണ്. മരണം 5ഉം. ഓറിയന്‍ഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ചെള്ളുപനി അഥവാ സ്‌ക്രബ് ടൈഫസ്. പ്രധാനമായും എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് ഈ രോഗാണുക്കള്‍ കാണപ്പെടുന്നത്.
ചിഗ്ഗര്‍ മൈറ്റ് കടിച്ച് 10 മുതല്‍ 12 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ചിഗ്ഗര്‍ കടിച്ച ഭാഗം തുടക്കത്തില്‍ ഒരു ചെറിയ ചുവന്ന തടിച്ച പാടായി കാണുകയും പിന്നീട് കറുത്ത വ്രണമായി (എസ്‌കാര്‍) മാറുകയും ചെയ്യുന്നു. കക്ഷം, കാലിന്റെ ഒടി, ജനനേന്ദ്രിയങ്ങള്‍, കഴുത്ത് തുടങ്ങിയ ശരീര ഭാഗങ്ങളിലാണ് സാധാരണയായി ഇത്തരം പാടുകള്‍ കാണാറ്. വിറയലോടുകൂടിയ പനി, തലവേദന, കണ്ണ് ചുവക്കല്‍, കഴലവീക്കം, പേശീവേദന, വരണ്ട ചുമ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഒരാഴ്ചയില്‍ നീണ്ടുനില്‍ക്കുന്ന പനിയാണെങ്കില്‍ ചെള്ളുപനിയല്ലെന്ന് ഉറപ്പ് വരുത്തണം. നേരത്തെ കണ്ടെത്തിയാല്‍ സ്‌ക്രബ് ടൈഫസിനെ ആന്റി ബയോട്ടിക് മരുന്നുകള്‍ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാന്‍ കഴിയും.