കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതിയായ അന്തേവാസി രക്ഷപ്പെട്ടു. പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് ഇയാള്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മൂന്ന് ദിവസം മുന്‍പാണ് ഇയാളെ കുതിരവട്ടത്ത് എത്തിച്ചത്.
കഴിഞ്ഞ ദിവസം വിനീഷിന് ഒപ്പം കുതിരവട്ടത്തെ സെല്ലില്‍ ഉണ്ടായിരുന്ന ഒരാളുടെ മോതിരം വിരലില്‍ കുടുങ്ങിയിരുന്നു. മോതിരം മുറിച്ചു മാറ്റാനായി ഫയര്‍ഫോഴ്‌സ് എത്തിയിരുന്നു. ഇവര്‍ക്കായി സെല്‍ തുറന്നപ്പോഴാകാം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് കരുതുന്നത്.
റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന പ്രതി നേരത്തെ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് പെരിന്തൽമണ്ണ ഏലംകുളം സ്വദേശിയായ ദൃശ്യ(21)യെ വിനീഷ് വീട്ടില്‍ കയറി കൊലപ്പെടുത്തിയത്. വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന പെണ്‍കുട്ടിയെ വിളിച്ചുണര്‍ത്തി പലവട്ടം കുത്തുകയായിരുന്നു.